വനിതാ മതിലിനെ പിന്തുണച്ചു പോസ്റ്റിട്ടു; മുസ്ലീം ലീഗ് നേതാവ് പാര്‍ട്ടിക്ക് പുറത്ത് 

വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ലോയേ്‌ഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റ് സി ഷുക്കൂറിനെ മുസ്ലീം ലീഗില്‍ നിന്ന പുറത്താക്കി
വനിതാ മതിലിനെ പിന്തുണച്ചു പോസ്റ്റിട്ടു; മുസ്ലീം ലീഗ് നേതാവ് പാര്‍ട്ടിക്ക് പുറത്ത് 

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ലോയേ്‌ഴ്‌സ് ഫോറം മുന്‍ ജില്ലാ പ്രസിഡന്റ് സി ഷുക്കൂറിനെ മുസ്ലീം ലീഗില്‍ നിന്ന പുറത്താക്കി. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ലീഗ് നേതാക്കള്‍ ആരോപിക്കുന്നതിനിടയിലാണ് മതിലിനെ പിന്തുണച്ച് ഷുക്കൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ പുറത്തായ വിവരം അറിഞ്ഞതായി ഷുക്കൂര്‍ തന്നെ ഫെയ്‌സ്ബുക്കിലുടെ അറിയിച്ചു.

'സാമൂഹ്യ മാറ്റങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗുണത്തിലും അളവിലും മാറുന്നുണ്ട്. ഇപ്പോള്‍ മാറ്റത്തിനാധാരം അളവിലുള്ള ബഹുജന മുന്നേറ്റമാണ്. ഇത് മുന്‍ചൊന്നവരുടെ പക്കലല്ല, സമുദായ നേതാക്കളിലാണുള്ളത്. തന്മൂലം ഈ ചരിത്ര നിയോഗത്തിനൊപ്പം ചേരുകയാണ് വേണ്ടത്' - വനിതാ മതിലിനെ പിന്തുണച്ച് ഷുക്കൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

'വാര്‍ത്തയുടെ നിജസ്ഥിതി എന്തായാലും , ഇനി ഞാന്‍ കക്ഷി രാഷ്ട്രീയത്തിലേക്കു ഇല്ല. സമീപ ഭാവിയില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെയും അംഗത്വമെടുക്കുവാന്‍ ഉദ്ദേശിക്കുന്നുമില്ല.എന്നാല്‍ , പൊതു രംഗത്ത് തുടരും.' - പാര്‍ട്ടി നടപടിക്ക് ശേഷം ഷുക്കൂര്‍ ഫെയ്‌സ്ബുക്കില്‍ തന്നെ പ്രതികരിച്ചു.

'കക്ഷി രാഷ്ട്രീയത്തിനപ്പുറം ദലിത്, ന്യൂനപക്ഷ , സ്ത്രീ പക്ഷ , മനുഷ്യാവകാശ നിലപാടുകള്‍ ഉറക്കെ പറയും . അതിനു വേണ്ടി നിലകൊള്ളും.
കേരളീയ സാഹചര്യത്തില്‍ , നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചു , ജെന്‍ഡര്‍ ഇക്വാലിറ്റിക്കു വേണ്ടി , സെക്യുലര്‍ സ്‌പേസിനു വേണ്ടി തുടര്‍ന്നും നിലകൊള്ളും. എന്റെ മാപ്പിള സ്വത്വം ഉച്ചത്തില്‍ വിളിച്ചു പറയും...കാസര്‍ഗോഡ് ജില്ലയില്‍ , മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ , പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ സംസ്‌കാരവും കലയും സ്‌നേഹവും പങ്കുവെച്ചു, കൂടുതല്‍ ഇതര സമൂഹള്‍ക്കിടയില്‍ അടുപ്പവും ചേര്‍ച്ചയും ഉണ്ടാക്കുവാനുള്ള ശ്രമം തുടരും. ' - ഷുക്കൂര്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com