വഴിയരികിലെ കരിമ്പ് ജ്യൂസ് പണി തരും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാല്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തിയത്.
വഴിയരികിലെ കരിമ്പ് ജ്യൂസ് പണി തരും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: വഴിയോരങ്ങളില്‍ വില്‍ക്കുന്ന കരിമ്പ് ജ്യൂസ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ അനധികൃത കരിമ്പ് ജ്യൂസ് വില്‍പന നിരോധിച്ചു. 

ഭക്ഷ്യയോഗ്യമായ വെള്ളത്തിന്റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാല്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തിയത്. ഇത് ഭക്ഷ്യയോഗ്യമല്ലെന്നു വ്യക്തമായതിനെ തുടര്‍ന്നാണു കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നടപടിയെടുത്തത്. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ റോഡരികിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടം അവസാനിച്ചു. 

എന്നാല്‍ സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലെല്ലാം കരിമ്പ് ജ്യൂസ് വില്‍പന വ്യാപകമാണ്. ദേശീയപാതകളിലും മറ്റും നിശ്ചിത ദൂരത്തില്‍ കരിമ്പ് ജ്യൂസ് കച്ചവടം നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വില്‍പന നടത്തുന്നവരിലേറെയും. അവര്‍ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്‌വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്നു ശേഖരിക്കുന്ന പഴയ ശീതീകരണിയിലാണ് ഐസ് സൂക്ഷിക്കുന്നത്.

വൈദ്യുത കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഇതില്‍ സൂക്ഷിക്കുന്ന ഐസ് വളരെ വേഗത്തില്‍ അലിയേണ്ടതാണ്. എന്നാല്‍ ഈ ഐസ് സാവധാനം മാത്രമാണ് അലിയുന്നത്. ഇങ്ങനെ സംഭവിക്കാന്‍ കാരണം ഐസില്‍ ചേര്‍ക്കുന്ന വസ്തുക്കളാണ്. ഇത്തരം വസ്തുക്കളാണ് ഐസ് ഭക്ഷ്യയോഗ്യമല്ലാതാക്കുന്നതെന്ന സൂചനയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്നത്.

റോഡരികില്‍ അവില്‍ മില്‍ക്ക് വില്‍ക്കുന്നവരും ഇത്തരത്തിലുള്ള ഐസ് ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കരിമ്പ് ജ്യൂസ് വില്‍ക്കുന്ന ലൈസന്‍സുള്ള കടകളിലെ ഐസിന് പ്രശ്‌നമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. വഴിയരികിലെ കരിമ്പിന്‍ ജ്യൂസ് വില്‍പനശാലകളില്‍ ഓയില്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ പ്രവൃത്തിപ്പിച്ചാണ് ജ്യൂസ് നിര്‍മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com