ചെകുത്താന്‍ കൂണും പാമ്പിന്‍ വിഷവും; യുവാക്കളുടെ പുതിയ ലഹരിവഴികള്‍, ഞെട്ടി തരിച്ച് കൗണ്‍സലിങ് സംഘം 

ലഹരിക്കു വീര്യം കൂട്ടാന്‍ പാമ്പിന്റെ വിഷവും ചെകുത്താന്‍ കൂണുമെല്ലാം യുവാക്കള്‍ക്കിടയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു എന്നാണ് പുതിയ കണ്ടെത്തല്‍
ചെകുത്താന്‍ കൂണും പാമ്പിന്‍ വിഷവും; യുവാക്കളുടെ പുതിയ ലഹരിവഴികള്‍, ഞെട്ടി തരിച്ച് കൗണ്‍സലിങ് സംഘം 

കൊച്ചി: കഞ്ചാവും ഹഷീഷുമെല്ലാം കടന്ന് യുവാക്കളുടെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കാണാകാഴ്ചകളാണ് ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ അടിമയാക്കാന്‍ ശേഷിയുള്ളതും ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ ഉണര്‍വ് പകരുന്നതുമായ ഐസ് മെത്ത് (മെതാംഫെറ്റമീന്‍) എന്ന മയക്കു മരുന്ന് കൊച്ചി നഗരത്തില്‍ പിടിമുറുക്കിയതായുളള റിപ്പോര്‍ട്ടുകള്‍ ആശങ്കയോടെയാണ് കേട്ടത്. ഇപ്പോള്‍ ലഹരിക്കു വീര്യം കൂട്ടാന്‍ പാമ്പിന്റെ വിഷവും ചെകുത്താന്‍ കൂണുമെല്ലാം യുവാക്കള്‍ക്കിടയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. 

മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ലഹരി ചികിത്സാ കേന്ദ്രത്തില്‍ ലഹരിക്കടിമപ്പെട്ടു ചികിത്സ തേടിയവരാണ് കൗണ്‍സലിങ്ങിനിടെ ലഹരിയുടെ പുതുവഴികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ലഹരിയില്‍നിന്നു ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന 65 പേരാണ് നിലവില്‍ മെഡിക്കല്‍ കോളജിലെ ലഹരി മുക്ത കേന്ദ്രത്തില്‍ ചികിത്സ തേടുന്നത്. 4 തടവുകാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉപയോഗിച്ചാല്‍ 12 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ഉണര്‍വു പകരുന്ന ഐസ് മെത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിരിക്കുകയാണ്. ലൈംഗികാസക്തി ഉയര്‍ത്താനും പാര്‍ട്ടികളില്‍ കൂടുതല്‍ സമയം ക്ഷീണം അറിയാതെ നൃത്തം ചെയ്യുന്നതിനും ഇത് ഉപയോഗിക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ നീലച്ചിത്ര നിര്‍മാണ മേഖലയില്‍ പുരുഷന്‍മാരും ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നായാണ് ഐസ് മെത്ത് അറിയപ്പെടുന്നത്. 

ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ് തുടങ്ങിയ ഓമനപ്പേരുകളിലും ഇത് അറിയപ്പെടുന്നു. പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമെല്ലാം ഉപയോഗിക്കുന്ന മെത്ത് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ശരീരത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയും ചെയ്യുമത്രെ.കേരളത്തില്‍ അധികമൊന്നും ഐസ് മെത്ത് പിടികൂടിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഞെട്ടലോടെയാണ് കേരളം ചെവി കൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com