മലകയറാതെ അമ്മിണിയും സംഘവും പിൻമാറി; മടങ്ങുന്നത് കനത്ത പ്രതിഷേധത്തെ തുടർന്ന്

മനിതി പെണ്‍കൂട്ടായ്മയ്‌ക്കെതിരെ പമ്പയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മിണിയുള്‍പ്പെട്ട എട്ടംഗ സംഘവും യാത്ര ഉപേക്ഷിച്ചത്
മലകയറാതെ അമ്മിണിയും സംഘവും പിൻമാറി; മടങ്ങുന്നത് കനത്ത പ്രതിഷേധത്തെ തുടർന്ന്

എരുമേലി: മനിതി സംഘം മലകയറാതെ മടങ്ങിയതിന് പിന്നാലെ ആദിവാസി നേതാവ് അമ്മിണിയും സംഘവും ശബരിമല ദര്‍ശനത്തിൽ നിന്ന് പിന്‍മാറി. മനിതി പെണ്‍കൂട്ടായ്മയ്‌ക്കെതിരെ പമ്പയില്‍ കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മിണിയുള്‍പ്പെട്ട എട്ടംഗ സംഘവും യാത്ര ഉപേക്ഷിച്ചത്. പമ്പയിലേക്ക് പുറപ്പെട്ട സംഘത്തെ എരുമേലിയിൽ വച്ച് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിരുന്നു. നിലവില്‍ എരുമലി പൊലിസ് സ്റ്റേഷനിലാണ് അമ്മിണിയും സംഘവുമുള്ളത്. 

കാനന പാതവഴി സംഘത്തെ സന്നിധാനത്തെത്തിക്കുവാനായിരുന്നു പൊലീസ് ശ്രമം. കാനനപാതവഴി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചിരിച്ചെങ്കിലും പമ്പയിലെ പ്രതിഷേധങ്ങളെ തുടര്‍ന്ന് സന്നിധാനത്ത് എത്തിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കാനന പാതവഴിതന്നെ ഇവർ തിരിച്ചിറങ്ങി.  മല കയറുന്നില്ലെന്നും തിരികെ നാട്ടിലേക്ക് മടങ്ങുകയാണെന്നും അമ്മിണി അറിയിച്ചെങ്കിലും ഇവർക്കെതിരെയുള്ള പ്രതിഷേധം നിലച്ചിട്ടില്ല. സംഘം ഇപ്പോഴുള്ള എരുമേലി പൊലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുകയാണ് പ്രതിഷേധക്കാർ. 

ശബരിമല ദര്‍ശനത്തിനായി ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് നിന്നും ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്. 
സംഘത്തിനെതിരെ വിവിധയിടങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കോട്ടയത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടയാനും പ്രതിഷേധക്കാർ ശ്രമിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com