മലകയറ്റം കഠിനം: മനിതി സംഘത്തെ പമ്പയില്‍ വളഞ്ഞ് പ്രതിഷേധക്കാര്‍; ശരണം വിളികളുമായി പ്രതിരോധിച്ച് യുവതികള്‍, തിരികെ പോകില്ലെന്ന് നിലപാട്

ശബരിമല കയറാനായി പമ്പയിലെത്തിയ മനിതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു
മലകയറ്റം കഠിനം: മനിതി സംഘത്തെ പമ്പയില്‍ വളഞ്ഞ് പ്രതിഷേധക്കാര്‍; ശരണം വിളികളുമായി പ്രതിരോധിച്ച് യുവതികള്‍, തിരികെ പോകില്ലെന്ന് നിലപാട്

പമ്പ: ശബരിമല കയറാനായി പമ്പയിലെത്തിയ മനിതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് യാത്ര തുടര്‍ന്ന ഇവരെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. നാമജപ പ്രതിഷേധവുമായി ഒരുസംഘം ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതോടെ ശരണം വിളികളുമായി യുവതികളും റോഡില്‍ കുത്തിയിരിപ്പായി. പൊലീസ് വലയത്തിനുള്ളിലാണ് ഇവരിപ്പോള്‍ ഉള്ളത്. 


നേരത്തെ പമ്പയിലെത്തിയ യുവതികള്‍ക്ക് ഇരുമുടിക്കെട്ട് നിറച്ചു നല്‍കാന്‍ പരികര്‍മ്മികള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകുന്ന ആറ് യുവതികള്‍ സ്വയം കെട്ട് നിറച്ചു. സംഘത്തിലെ മുതിര്‍ന്ന അംഗമാണ് കെട്ടുനിറച്ചത്. ശേഷം ഇവര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് തിരിച്ചു. 

കെട്ടു നിറയ്ക്കുന്നതിന് പണമടച്ച് ഇവര്‍ രസീത് വാങ്ങിയിരുന്നു. എന്നാല്‍ പരികര്‍മ്മികള്‍ കെട്ടുനിറയ്ക്കുന്നതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. സ്വയം കെട്ടുനിറയ്ക്കാനുള്ള ഇവരുടെ ശ്രമവും പരികര്‍മ്മികള്‍ തടയാന്‍ ശ്രമിച്ചു. പമ്പാ സ്‌നാനത്തിന് ശേഷമാണ് കെട്ടുനിറയ്ക്കാന്‍ ഇവര്‍ എത്തിയത്. 

പതിനൊംഗ സംഘമാണി ഇപ്പോള്‍ പമ്പയില്‍ എത്തിയിരിക്കുന്നത്. മറ്റു സംഘങ്ങള്‍ പമ്പയിലേക്കുള്ള യാത്രയിലാണ് അറിയുന്നു. കനത്ത സുരക്ഷാ വലയം തീര്‍ത്ത് പൊലീസ് അകമ്പടിയിലാണ് കേരള അതിര്‍ത്തിയില്‍ നിന്ന് സംഘത്തെ പമ്പയിലെത്തിച്ചത്. വന്‍ പൊലീസ് സംഘവും ഒപ്പം കമാന്റോകളും സുരക്ഷയ്ക്കായി പമ്പയിലും പരിസരത്തും തമ്പടിച്ചിട്ടുണ്ട്. പല സംഘങ്ങളായി 32ഓളം സ്ത്രീകളാണ് ദര്‍ശനത്തിനായി എത്തുന്നത്.

സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസ് ഇവരെ ധരിപ്പിച്ചെങ്കിലും ഇപ്പോള്‍ തന്നെ മല ചവിട്ടാനുള്ള ആഗ്രഹമാണ് ഇവര്‍ പങ്കിട്ടത്. എല്ലാവരും എത്തിയ ശേഷം ഒരുമിച്ച് മല കയറുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരങ്ങള്‍.

വ്രതമെടുത്താണ് തങ്ങളെത്തിയിരിക്കുന്നതെന്ന് സംഘത്തെ നയിക്കുന്ന സെല്‍വി വ്യക്തമാക്കി. തനിക്ക് മറ്റ് ഉദ്ദേശങ്ങളില്ലെന്നും അയ്യപ്പനെ ?ദര്‍ശിക്കുകയാണ് തനിക്കും തനിക്കൊപ്പമുള്ളവരും ആ?ഗ്രഹിക്കുന്നതെന്നും സെല്‍വി പറഞ്ഞു. സുരക്ഷയൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. അതുകൊണ്ടാണ് പൊലീസ് തങ്ങള്‍ക്ക് മികച്ച രീതിയില്‍ സുരക്ഷയൊരുക്കിയതെന്നും അവര്‍ പറഞ്ഞു. ശബരിമലയേയും അവിടുത്തെ ആചാരങ്ങളേയും ബഹുമാനിക്കുന്നു. ആരെയും വെല്ലുവിളിക്കാനോ ഒന്നിനുമല്ല അയ്യപ്പ ദര്‍ശനത്തിനായാണ് എത്തിയിരിക്കുന്നത്. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ലെന്നും ഭക്തകളാണെന്നും സെല്‍വി കൂട്ടിച്ചേര്‍ത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com