മന്ത്രിക്ക് എന്തും പറയാം, അതിനോടൊന്നും പ്രതികരിക്കാനില്ല; ശബരിമലയില്‍ യുവതികള്‍ എത്തുന്നത് പരിധിയില്‍ വരില്ലെന്ന് നിരീക്ഷക സമിതി 

ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം മന്ത്രിക്ക് മറുപടിയുമായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി
മന്ത്രിക്ക് എന്തും പറയാം, അതിനോടൊന്നും പ്രതികരിക്കാനില്ല; ശബരിമലയില്‍ യുവതികള്‍ എത്തുന്നത് പരിധിയില്‍ വരില്ലെന്ന് നിരീക്ഷക സമിതി 

ശബരിമല: ശബരിമല യുവതീപ്രവേശനത്തില്‍ ദേവസ്വം മന്ത്രിക്ക് മറുപടിയുമായി ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. മന്ത്രിക്ക് എന്തും പറയാം, അതില്‍ ഒന്നും പ്രതികരിക്കാനില്ല. ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തുന്ന സംഭവം നിരീക്ഷക സമിതിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല. ക്രമസമാധാന പ്രശ്‌നം തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും നിരീക്ഷക സമിതി അംഗം ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കി. 

ശബരിമല യുവതീപ്രവേശനത്തില്‍ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ  കടകംപളളി സുരേന്ദ്രന്‍ ഇന്നും വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചതെന്നും സത്രീ പ്രവേശനമടക്കം അവിടെ ഉയര്‍ന്നു വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് അവരെ നിയോഗിച്ചിട്ടുള്ളതെന്നും കടകംപളളി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് നിരീക്ഷക സമിതി വീണ്ടും രംഗത്ത് വന്നത്. ശബരിമലയിലെ ക്രമസമാധാന പ്രശ്‌നം തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് പറഞ്ഞ നിരീക്ഷക സമിതി യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്് ആരും തങ്ങളോട് ഉപദേശം തേടിയിട്ടില്ലെന്നും വ്യക്തമാക്കി. ശബരിമലയിലെ കാര്യങ്ങള്‍ സാധാരണപോലെ റിപ്പോര്‍ട്ട് ചെയ്യുമെന്നും ജസ്റ്റിസ് പി ആര്‍ രാമന്‍ അറിയിച്ചു.

സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളതെന്ന് കടകംപളളി പറഞ്ഞിരുന്നു. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com