കണ്ണൂരും കാസര്‍ഗോഡും അയ്യപ്പജ്യോതിക്കെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

കാസര്‍ഗോഡും കണ്ണൂരും വിവിധ ഇടങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ആളുകല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായതായി പരാതി
കണ്ണൂരും കാസര്‍ഗോഡും അയ്യപ്പജ്യോതിക്കെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

കണ്ണൂര്‍: കാസര്‍ഗോഡും കണ്ണൂരും വിവിധ ഇടങ്ങളില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ആളുകല്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ കല്ലേറുണ്ടായതായി പരാതി. കാസര്‍ഗോഡ് കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവ് ആണൂരില്‍ അയ്യപ്പ ജ്യോതിക്ക് പോയ പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ കണ്ടോത്തും വാഹനത്തിനു നേരേ ആക്രമണം ഉണ്ടായി. കരിവെള്ളൂരില്‍ വച്ചും വാഹങ്ങള്‍ക്ക് കല്ലേറിഞ്ഞു. 

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്ന ആവശ്യവുമായാണ് ശബരിമല കര്‍മ്മ സമിതിയും ബി ജെ പിയും അയ്യപ്പജ്യോതി പ്രതിഷേധം സംഘടിപ്പിച്ചത്. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു. കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു.

മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്. എന്‍ എസ് എസ് പിന്തുണ കൂടി ലഭിച്ചതോടെ പരിപാടി വലിയ രാഷ്ട്രീയനേട്ടത്തിന് വഴിവയ്ക്കുമെന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍. അയ്യപ്പ കര്‍മ്മ സമിതിയും ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തിന് പരമാവധി പങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം പി, കിളിമാനൂരില്‍ മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. 80 കേന്ദ്രങ്ങളിലാണ് കാസര്‍ഗോഡ് അയ്യപ്പജ്യോതി തെളിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com