'ആലായാല്‍ തറവേണം മോഷ്ടിച്ചത്'; കാവാലം നാരായണപ്പണിക്കര്‍ക്ക് എതിരെ സാഹിത്യ മോഷണ ആരോപണം

കാവാലം നാരായണപ്പണിക്കരുടെ ആലായാല്‍ തറവേണം, കറുത്ത പെണ്ണേ തുടങ്ങിയ ഗാനങ്ങള്‍ നാടന്‍പാട്ട് കലാകാരന്‍ വെട്ടിയാര്‍ പ്രേംനാഥ് ശേഖരിച്ചതാണ് എന്ന വെളിപ്പെടുത്തലുമായി മകള്‍ പ്രമീള പ്രേംനാഥ്
'ആലായാല്‍ തറവേണം മോഷ്ടിച്ചത്'; കാവാലം നാരായണപ്പണിക്കര്‍ക്ക് എതിരെ സാഹിത്യ മോഷണ ആരോപണം

പ്രശസ്ത കവിയും  നാടക സംവിധായകനുമായ കാവാലം നാരായണപ്പണിക്കര്‍ക്ക് എതിരെ പാട്ട് മോഷണ ആരോപണം. കാവാലം നാരായണപ്പണിക്കരുടെ ആലായാല്‍ തറവേണം, കറുത്ത പെണ്ണേ തുടങ്ങിയ ഗാനങ്ങള്‍ നാടന്‍പാട്ട് കലാകാരന്‍ വെട്ടിയാര്‍ പ്രേംനാഥ് ശേഖരിച്ചതാണ് എന്ന വെളിപ്പെടുത്തലുമായി മകള്‍ പ്രമീള പ്രേംനാഥ് രംഗത്തെത്തി. പ്രതിപക്ഷം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് അന്തരിച്ച എഴുത്തുകാരനെക്കുറിച്ച് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 

പ്രേംനാഥ്, 1961-63 കാലഘട്ടത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ റിസര്‍ച്ച് സ്‌കോളറായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ സമര്‍പ്പിച്ച ശേഖരത്തില്‍ ഉള്ള പാട്ടുകളാണ് ഇവയെന്ന് പ്രമീള ആരോപിക്കുന്നു. 1961- 63 കാലഘട്ടത്തിലാണ് വെട്ടിയാര്‍ പ്രേംനാഥ് കേരളം സംഗീത നാടക അക്കാദമിയില്‍ ഗവേഷണം നടത്തുന്നത്. 1961 ലാണ് കാവാലം നാരായണപ്പണിക്കര്‍ സംഗീത നാടക അക്കാദമി സെക്രട്ടറിയായി നിയമിതനാകുന്നത്. പ്രേംനാഥ് സമര്‍പ്പിച്ച തീസീസ് പ്രസിദ്ധീകരിക്കാതെയിരുന്നപ്പോള്‍ ഭാര്യ അത് തിരികെ ചോദിച്ചെങ്കിലും കൊടുത്തില്ലെന്നും പിന്നീട് 'ആലായല്‍ തറവേണം' എന്ന പാട്ട് അതേരീതിയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നും പ്രമീള ആരോപിക്കുന്നു. 'കറുത്ത പെണ്ണെ' എന്ന പാട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

പ്രേംനാഥ് ശേഖരിച്ച പാട്ടുകള്‍ 'ചെങ്ങന്നൂര്‍ കുഞ്ഞാതി' എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചപ്പോള്‍ അത് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളും ഗാനങ്ങള്‍ മോഷ്ടിച്ചുവെന്നും പ്രമീള ആരോപിക്കുന്നു. പരിശോധന സമിതിയിലുണ്ടായിരന്ന ചുമ്മാര്‍ ചൂണ്ടല്‍ കയ്യെഴുത്തു പ്രതികള്‍ തന്റെ വിദ്യാര്‍ത്ഥികളെ കൊണ്ട് പകര്‍ത്തിയെഴുതിച്ചു എന്നും മറ്റൊരു അംഗമായിരുന്ന ആനന്ദക്കുട്ടന്‍ നായര്‍ പുറത്തിറക്കിയ കേരള ഭാഷാഗാനങ്ങളിലെ രണ്ടാം ഭാഗത്തില്‍ ചെങ്ങന്നൂര്‍ കുഞ്ഞാതിയുടെ പാട്ടും ചേര്‍ത്തിട്ടുണ്ടെന്നും പ്രമീള പറയുന്നു. ഇത് തന്റെ അമ്മയോട് പറഞ്ഞത് കോണ്‍ഗ്രസ് നേതാവായിരുന്ന പി.കെ വേലായുധനാണെന്നും പ്രമീള പറയുന്നു. 

സാഹിത്യരംഗത്ത് കവിതയും കഥയുമൊക്കെ മോഷ്ടിക്കുന്നതുപോലെ തന്നെ വലിയ കുറ്റം തന്നെയാണ് സ്വതന്ത്ര ഗവേഷകരുടെ ഫോക് ലോര്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കുന്നതും. അച്ഛന്‍ വലിയ അക്കാദമിക് ബുദ്ധിജീവിയൊന്നുമല്ല. അച്ഛന് ഉന്നത വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരുടെ ഗവേഷണ വിവരങ്ങള്‍ തട്ടിയെടുക്കുന്നത് പണ്ടുമുതലേ ഉള്ള കാര്യങ്ങളാണ്. ഇതിന്റെയൊക്കെ തെളിവുകളായി പലതിന്റെയും കയ്യെഴുത്ത് പ്രതികള്‍ ഞങ്ങളുടെ കൈവശമുണ്ട്- പ്രമീള പറയുന്നു. 

ചെങ്ങന്നൂര്‍ കുഞ്ഞാതിക്ക് ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ അവതാരിക വായിച്ചാവാം അടിച്ചുമാറ്റിയ ആനന്ദക്കുട്ടന്‍ നായരും പാട്ടിനു പഴക്കം പോരെന്ന് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ തന്റേതെന്ന പേരില്‍ എന്തിനു നാടന്‍ പാട്ടായി കാവാലം പ്രസിദ്ധികരിച്ചു?- പ്രമീള ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com