ട്രെയിനില്‍ സീറ്റ് കിട്ടിയില്ല: ടിടിഇമാര്‍ കോച്ചുകളില്‍ നിന്ന് ഇറക്കിവിട്ടു; ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ ഒരുവയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു

ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരിക്ക് സീറ്റ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ട്രെയിനില്‍ മാതാവിന്റെ മടിയില്‍ കിടന്നു ദാരുണാന്ത്യം
ട്രെയിനില്‍ സീറ്റ് കിട്ടിയില്ല: ടിടിഇമാര്‍ കോച്ചുകളില്‍ നിന്ന് ഇറക്കിവിട്ടു; ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ ഒരുവയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു

മലപ്പുറം: ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരിക്ക് സീറ്റ് കിട്ടാതെയും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയും ട്രെയിനില്‍ മാതാവിന്റെ മടിയില്‍ കിടന്നു ദാരുണാന്ത്യം. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്‌റ്റേഷനിലും ടിക്കറ്റ് പരിശോധകര്‍ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് മനസ്സ് മരലിപ്പിക്കുന്ന സംഭവം നടന്നത്. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍- സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. 
കണ്ണൂരില്‍നിന്നു കയറി, കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളര്‍ന്നുപോവുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്ത് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുന്‍പ് മറിയത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും ജനറല്‍ ടിക്കറ്റാണു ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നത് നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. 

എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇറക്കിവിടുകയായിരുന്നെന്ന്  ഇവര്‍ പറയുന്നു. ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി. കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ കുറ്റിപ്പുറത്തിനടുത്ത് ചങ്ങല വലിച്ചുനിര്‍ത്തുകയായിരുന്നു.

ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി അന്വേഷിക്കുമ്പോഴാണ് ബഷീര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com