മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹവിരുന്നിന് പോയി; കുഞ്ഞാലിക്കുട്ടി വിവാദത്തില്‍

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് പ്രതിഷേധത്തിന് കാരണം 
മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹവിരുന്നിന് പോയി; കുഞ്ഞാലിക്കുട്ടി വിവാദത്തില്‍


മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ ഐഎന്‍എല്‍. പാര്‍ലമെന്റില്‍ ഹാജരാകാത്തത് സമുദായ വഞ്ചനായാണെന്നും ഐഎന്‍എല്‍ പറയുന്നു. പ്രവാസിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് പാര്‍ലമെന്റില്‍ സുപ്രധാന ചര്‍ച്ചയില്‍ പങ്കെടുക്കാതെ നാട്ടില്‍ തങ്ങിയതെന്നാണ് ആരോപണം.

ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെതിരെ ലീഗിനുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിരുന്നു.ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസവും കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല.

ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുമ്പോള്‍ പാര്‍ട്ടി നേതാവ് കൂടിയായ മലപ്പുറം പുത്തനത്താണിയിലുള്ള സുഹൃത്തിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ചക്ക് വരുമെന്ന കാര്യം കഴിഞ്ഞ ആഴ്ച തന്നെ വ്യക്തമായിരുന്നു. എന്നിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതാണ് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിച്ചത്.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. 

മുസ്ലീം പുരുഷന്‍മാര്‍ മൂന്നും  തലാഖും ഒന്നിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. പല വ്യവസ്ഥകളും ഭരണഘടനാ വിരുദ്ധമാണെന്നും ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സെലക്ട് കമ്മറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം തള്ളിയാണ് വ്യാഴാഴ്ച ബില്‍ വോട്ടിനിട്ടത്. പതിനൊന്നിനെതിരെ 245 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകരിച്ചത്.

വോട്ടെടുപ്പിന് മുന്‍പെ കോണ്‍ഗ്രസ്, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഇറങ്ങിപ്പോയി. സിപിഎം, ആര്‍എസ്പി, മുസ്ലീലീഗ്, എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ ബില്ലിനെതിരെ വോട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com