'ആ പരിപാടിയില്‍ ഞാനും പങ്കെടുത്തു, അവര്‍ ധരിച്ചത് തന്റെ ഒരു സിനിമയിലെ വേഷം'; വിദ്യാര്‍ത്ഥികളെ ഭീകരരാക്കിയ വാര്‍ത്തയ്‌ക്കെതിരേ സലിംകുമാര്‍

വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകരരെപ്പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി നല്‍കിയ വാര്‍ത്ത
'ആ പരിപാടിയില്‍ ഞാനും പങ്കെടുത്തു, അവര്‍ ധരിച്ചത് തന്റെ ഒരു സിനിമയിലെ വേഷം'; വിദ്യാര്‍ത്ഥികളെ ഭീകരരാക്കിയ വാര്‍ത്തയ്‌ക്കെതിരേ സലിംകുമാര്‍

റുത്ത വസ്ത്രം ധരിച്ചെത്തിയ വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ഭീകരവാദികളാക്കിയ ജനം ടിവിയുടെ വാര്‍ത്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ സലിം കുമാറും കോളേജ് മാനേജ്‌മെന്റും. താന്‍ കൂടി പങ്കെടുത്ത പരിപാടിയാണ് കോളേജില്‍ നടന്നതെന്നും തന്റെ ഒരു സിനിമയിലെ വേഷമാണ് അവര്‍ തീമായി സ്വീകരിച്ചതെന്നും സലിംകുമാര്‍ പറഞ്ഞു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതെ ഒരു മുദ്രാവാക്യം പോലും വിദ്യാര്‍ത്ഥികള്‍ വിളിച്ചില്ലെന്നും താരം പറഞ്ഞു.

വര്‍ക്കല ചവര്‍ക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദ ഭീകരരെപ്പോലെ വേഷം ധരിച്ചു കോളേജില്‍ എത്തിയെന്നായിരുന്നു ജനം ടി വി നല്‍കിയ വാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ അല്‍ ഖ്വായ്ദയുടെ പതാക ഉയര്‍ത്തിയെന്നും വാര്‍ത്തയില്‍ അവര്‍ ആരോപിച്ചിരുന്നു. ആഘോഷത്തിന്റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത വിവാദമായതോടെയാണ് സലിംകുമാര്‍ നിജസ്ഥിതി വ്യക്തമാക്കിയത്. വാര്‍ത്തയ്‌ക്കെതിരേ കോളേജ് അധികൃതരും രംഗത്തെത്തി. വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും കോളേജ് മാനേജ്‌മെന്റ് പ്രതികരിച്ചു.

പരിപാടിയുടെ തീമായിട്ട് നേരത്തെ തീരുമാനിച്ചിരുന്ന കറുപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. തന്റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല'' സലിംകുമാര്‍ പറഞ്ഞു.

കുട്ടികളുടെ ആവശ്യപ്രകാരം പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ചാണ് സലിംകുമാറും എത്തിയത്. കോളേജ് വാര്‍ഷികത്തിന്റെ ഭാഗമായായിരുന്നു ആഘോഷം. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com