സര്‍വർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി, ഈ മാസത്തെ റേഷൻ വാങ്ങാൻ അവസരം നാളെക്കൂടി മാത്രം  

ഇന്ന കടകൾ അവധിയായതിനാൽ ഈ മാസത്തെ റേഷൻ വാങ്ങാൻ തിങ്കളാഴ്ച മാത്രമേ കാർഡുടമകൾക്ക് അവസരമുണ്ടാകൂ
സര്‍വർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി, ഈ മാസത്തെ റേഷൻ വാങ്ങാൻ അവസരം നാളെക്കൂടി മാത്രം  

തിരുവനന്തപുരം: സർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇപോസ് മെഷീനുകളുടെ ഇന്റർനെറ്റ് കണക്ഷൻ നിലച്ചതുമൂലമാണ് റേഷൻ വിതരണം നിലച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് 14,338 റേഷൻ കടകളിലെയും  ഇപോസ് മെഷീനുകൾ  പ്രവർത്തനരഹിതമായത്. ഇതേത്തുടർന്ന് റേഷൻ വ്യാപാരികളും കാർഡുടമകളുമായുള്ള തർക്കം പലയിടത്തും കൈയ്യാങ്കളിയിലേക്കും കടന്നു. 

മാസാവസാനമായതോടെ പല കടകളിലും സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ കനത്ത തിരക്കായിരുന്നു. ഉച്ചവരെ മന്ദ​ഗതിയിൽ പ്രവർത്തിച്ചിരുന്ന മെഷീൻ വൈകുന്നേരത്തോടെ പൂർണ്ണമായും നിലക്കുകയായിരുന്നു. ഒക്ടോബറിൽ അഞ്ചരക്കോടി രൂപ മുടക്കി പുതിയ സർവർ വാങ്ങി പ്രവർത്തനം തുടങ്ങിയതിന് പിന്നാലെ ഇത് ആദ്യമായാണ് വിതരണം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തിയത്. ഇ-പോസ് മെഷീനിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ കണക്ഷൻ നിശ്ചലമായതാണ് റേഷൻ വിതരണം സ്തംഭിക്കാൻ കാരണമെന്നാണ് ഭക്ഷ്യസെക്രട്ടറിയു‌ടെ വിശദീകരണം. 

ഭൂരിഭാ​ഗം ജില്ലകളിലും ഈ മാസം 20തിന് ശേഷമാണ് റേഷൻ സാധനങ്ങൾ എത്തിയത്. വാതിൽപ്പടി വിതരണത്തിനുള്ള കരാറുകൾ പുതുക്കാത്തതുമൂലവും റേഷൻ കടകളിൽ സാധനങ്ങൾ തൂക്കി നൽകാത്തതിനെ  ചൊല്ലിയുള്ള തർക്കം മൂലവുമാണ് സാധനങ്ങൾ എത്താൻ വൈകിയത്. ഈ കാരണം കൊണ്ടുതന്നെ 85ശതമാനത്തിൽ വിതരണം നടക്കേണ്ട ജില്ലകളിലൊക്കെ 70ശതമാനത്തിൽ താഴെ മാത്രമാണ് ഈ മാസം സാധനങ്ങൾ വിതരണം ചെയ്തത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് വിതരണത്തിൽ കൂടുതൽ കുറവ് കാണാനാകുക. 

ഇന്ന കടകൾ അവധിയായതിനാൽ ഈ മാസത്തെ റേഷൻ വാങ്ങാൻ തിങ്കളാഴ്ച മാത്രമേ കാർഡുടമകൾക്ക് അവസരമുണ്ടാകൂ. വിതരണത്തിൽ വീഴ്ചകൾ സംഭവിക്കുമ്പോ‌ൾ റേഷൻ വാങ്ങാനുള്ള അവസരം അടുത്ത മാസത്തേക്ക് നീട്ടാറുണ്ടെങ്കിലും ഇക്കുറി അത്തരം അറിയിപ്പൊന്നും സിവിൽ സപ്ലൈസ് വകുപ്പ് നൽകിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com