നഷ്ടമായത് കരുത്തുറ്റ കമ്മ്യൂണിസ്റ്റിനെയെന്ന് വി എസ്; അനുശോചന പ്രവാഹം 

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു
നഷ്ടമായത് കരുത്തുറ്റ കമ്മ്യൂണിസ്റ്റിനെയെന്ന് വി എസ്; അനുശോചന പ്രവാഹം 

തൃശൂര്‍: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചിച്ചു. ധീരനായ സഖാവിനെയാണ് നഷ്ടമായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു. ബ്രിട്ടോ കരുത്തനായ കമ്മ്യൂണിസ്റ്റെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഓര്‍മ്മിച്ചു.

വിപ്ലവകാരിയുടെ നഷ്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരിച്ചു. അരയ്ക്ക് കീഴെ തളര്‍ന്നിട്ടും ഭാവിയെ കുറിച്ചുളള പ്രതീക്ഷകളും വിപ്ലവചിന്തകളുമാണ് സൈമണ്‍ ബ്രിട്ടോയെ നയിച്ചിരുന്നത്. നിയമസഭയില്‍ വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും കോടിയേരി പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന നേതാവായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ പി രാജീവ് അനുസ്മരിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വികാരമായിരുന്നു അദ്ദേഹമെന്നും രാജീവ് പറഞ്ഞു. 

തളരാത്ത പോരാട്ടവീറിന്റെ പ്രതീകമായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ബ്രിട്ടോയുടെ പെട്ടെന്നുള്ള നിര്യാണ വിവരം ഞെട്ടലോടെയാണ് കേട്ടത്. എസ്.എഫ്.ഐ നേതാവായിരിക്കെ കുത്തേറ്റ് ശരീരം തളര്‍ന്ന ശേഷവും ബ്രിട്ടോ നിരാശപ്പെടുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു. തന്റെ അനുഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും അദ്ദേഹം പുതിയ തലമുറയ്ക്ക് ആവേശവും പ്രചോദനവും പകര്‍ന്നു കൊണ്ടിരുന്നു. വിശ്രമമില്ലാതെ അവസാന നിമിഷം വരെ അദ്ദേഹം ആശയപ്രചാരണ രംഗത്തുണ്ടായിരുന്നുവെന്നും പിണറായി ഫെയസ്്ബുക്കില്‍ കുറിച്ചു

ഇന്ന് വൈകീട്ടായിരുന്നു സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്. ആക്രമണത്തില്‍ പരുക്കേറ്റ് അരയ്ക്കുതാഴെ തളര്‍ന്നിരുന്നെങ്കിലും പൊതുരംഗത്തും സാംസ്‌കാരിക മേഖലയിലും സജീവമായിരുന്നു.

1983 ഒക്ടോബര്‍ 14 നാണ് നട്ടെല്ല്, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ കുത്തേറ്റ് അദ്ദേഹത്തിന് അരയ്ക്ക് കീഴെ ചലനശേഷി നഷ്ടമായത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാര്‍ഥിയുമായിരുന്നു അന്നു ബ്രിട്ടോ.മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ  കെഎസ്‌യു സംഘട്ടനത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐക്കാരെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു പ്രവര്‍ത്തകര്‍ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീല്‍ചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com