ശശീന്ദ്രനെതിരെ പൂച്ചക്കുട്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

ചാനല്‍ പ്രവര്‍ത്തകയോടെ ടെലഫോണിലൂടെ അപമര്യാദയായി പെരുമാറിയതിന് രാജിവച്ചയാള്‍ വീണ്ടും മന്ത്രിയാകുന്നതു തടയാനുള്ള ധാര്‍മ്മീകതയും മുഖ്യമന്ത്രി കാട്ടിയില്ല
ശശീന്ദ്രനെതിരെ പൂച്ചക്കുട്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. പൂച്ചക്കുട്ടിയെയും കയ്യിലെടുത്താണ് ലജ്ജാദിന റാലി നടത്തിയത്. കെ.മുരളീധരന്‍ എം.എല്‍.എ  പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തിക്കരപ്പക്കിയേയും വെള്ളായണിപ്പരമുവിനെയുമൊക്കെയാണ് ഇപ്പോള്‍ മന്ത്രിസഭയിലേക്ക് കയറ്റി ഇരുത്തുന്നതെന്ന് മുരളി പറഞ്ഞു. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക ് വീണ്ടുമെത്തുന്നത് സാങ്കേതികമായും ധാര്‍മികമായും തെറ്റാണെന്നും ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

നാണംകെട്ട മന്ത്രി സഭയില്‍ നാണം കെട്ട ഒരാള്‍കൂടി വീണ്ടും മന്ത്രിയായി ചുമതലയേല്‍ക്കുകയാണന്നും നാറ്റക്കേസില്‍ പെട്ട ഒരാളെ എന്തിനാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും മുരളി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കും എല്‍.എല്‍.എ മാരില്‍ രണ്ടാമനും വേണ്ടാത്ത ആളെയാണ് മുഖ്യമന്ത്രി മന്ത്രിയാക്കുന്നത്. നിയസഭ സമ്മേളിക്കുമ്പോള്‍ മന്ത്രിമാരെ ഉള്‍പ്പെടുത്താനാവില്ല എന്ന സാങ്കേതികത്വം മുഖ്യമന്ത്രി തെറ്റിച്ചതായും മുരളി പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകയോടെ ടെലഫോണിലൂടെ അപമര്യാദയായി പെരുമാറിയതിന് രാജിവച്ചയാള്‍ വീണ്ടും മന്ത്രിയാകുന്നതു തടയാനുള്ള ധാര്‍മ്മീകതയും മുഖ്യമന്ത്രി കാട്ടിയില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൂന്ന് മന്ത്രിമാരാണ് രാജിവയ്‌ക്കേണ്ടി വന്നത്. വൃത്തികെട്ട് പ്രവര്‍ത്തികള്‍ ചെയ്യാനല്ല ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതെന്ന് മുഖ്യമന്ത്രിയും കൂട്ടരും മനസ്സിലാക്കണമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം പുതിയ ഹര്‍ജിയെത്തിയതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ.  കേസ് ഈ രീതിയില്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട്  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഉപഹര്‍ജിയുമായെത്തിയ  മഹാലക്ഷ്മി തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. എകെ ശശീന്ദ്രന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. 

ഇത്തരക്കാര്‍ക്കെതിരെയുള്ള പരാതികള്‍ ഈ രീതിയില്‍ തീര്‍പ്പാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. മാത്രമല്ല പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആദ്യമൊഴിക്കും സത്യവാങ്മൂലത്തിനും വിരുദ്ധമാണ് പിന്നീട് കോടതിയില്‍ നല്‍കിയ മൊഴിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.  നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്  പരാതി തീര്‍പ്പാക്കിയത്.  പെണ്‍കുട്ടിയുടെ മാതാവുകൂടിയായ തനിക്ക് ഇത്തരത്തില്‍ കേസ് തീര്‍പ്പാക്കുന്നത് ആശങ്കയുണ്ടാക്കുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ ഹൈക്കോടതി  പരിഗണിക്കും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com