കെ.കെ രമയ്ക്ക് എതിരേയെന്നല്ല, ഒരു സ്ത്രീക്ക് നേരേയും സൈബര്‍ ആക്രമണങ്ങള്‍ പാടില്ല: വനിത കമ്മീഷന്‍

സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന് കെ.കെ രമയുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ
കെ.കെ രമയ്ക്ക് എതിരേയെന്നല്ല, ഒരു സ്ത്രീക്ക് നേരേയും സൈബര്‍ ആക്രമണങ്ങള്‍ പാടില്ല: വനിത കമ്മീഷന്‍

കൊച്ചി: സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചുവെന്ന് കെ.കെ രമയുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കെ.കെ രമയ്ക്ക് എതിരെയെന്നല്ല,കേരളത്തിലെ ഒരു സ്ത്രീക്ക് നേരേയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന അദാലത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിനൊപ്പം സമരം ചെയ്തതിനാണ് ആര്‍എംപിഐ നേതാവ് കെ.കെ രമയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണമുണ്ടായത്. സിപിഎം അനുകൂല പ്രൊഫൈലുകളില്‍ നിന്നായിരുന്നു ആക്രമണം നടന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. 

കുടുംബ പ്രശ്‌നങ്ങള്‍ സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, ഗാര്‍ഹിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വനിത കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ കൂടുതലും. വിദ്യാസമ്പന്നരായ യുവതികള്‍ പോലും പലതരത്തിലുള്ള ചതികളിലും അകപ്പെടുന്നുണ്ട്. അതിനാല്‍ കേരളത്തിലെ എല്ലാ കോളജുകള്‍ കേന്ദ്രീകരിച്ച് കലാലയജ്യോതി എന്നപേരില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചതായും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. 

വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കുടുംബ  പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപ്പോള്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്.  അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി വിവാഹപൂര്‍വ്വ ശില്‍പശാലകളും വനിതകമ്മീഷന്‍ സംഘടിപ്പിക്കാറുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com