വയല്‍ നികത്തലിന്റെ പേരില്‍ പണി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ കൊടികുത്തി; പ്രവാസി വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍ തൂങ്ങിമരിച്ചു

സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു
വയല്‍ നികത്തലിന്റെ പേരില്‍ പണി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ കൊടികുത്തി; പ്രവാസി വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍ തൂങ്ങിമരിച്ചു

കുന്നിക്കോട്: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്. 

സിപിഐയുടെ യുവജനസംഘടന എഐവൈഎഫ് പണി തടസ്സപ്പെടുത്തി കൊടി കുത്തിയതില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് സുഗതന്റെ മകന്‍ മൊഴി നല്‍കിയതായി കുന്നിക്കോട് പൊലീസ് സമകാലിക മലയാളത്തോട് പറഞ്ഞു. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിച്ചിരുന്ന സുഗതന്‍, നാട്ടില്‍ തിരിച്ചെത്തി മകനുമായി ചേര്‍ന്ന് വര്‍ക്ക് ഷോപ്പ് നടത്താനാണ് ഷെഡ്ഡ് നിര്‍മ്മിച്ചത്. 

വയല്‍ നികത്തിയ ഭൂമിയിലാണ് ഷെഡ്ഡ് നിര്‍മ്മിക്കുന്നത് എന്നാരോപിച്ചാണ് എഐവൈഎഫ് കൊടികുത്തി പണി തടസ്സപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

രണ്ടുമാസം മുമ്പാണ് സുഗതന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഗള്‍ഫിലും ഇദ്ദേഹത്തിന് വര്‍ക്ക് ഷോപ്പ് പണിയായിരുന്നു. 

ഇളമ്പല്‍ സ്വാഗതം ജംങ്ഷനില്‍ സമീപവാസിയായ ഒരാളുടെ സ്ഥലം പാട്ടത്തിനെടുത്ത് ഇവിടെയാണ് ഇദ്ദേഹം വര്‍ക്ക് ഷോപ്പിനുള്ള ജോലികള്‍ ആരംഭിച്ചത്.

വയല്‍ നികത്തിയപ്പോഴും ഷെഡ്ഡിന്റെ പണി തുടങ്ങിയപ്പോഴും മിണ്ടാതിരുന്ന എഐവൈഎഫ്, ഷെഡ്ഡിന്റെ അവസാനവട്ട പണികള്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ സമരവുമായി രംഗത്ത് വരികയാണ് ഉണ്ടായതെന്ന് ആരോപണം ഉയരുന്നുണ്ട്. 

ഈ ഭൂമിയുടെ തൊട്ടടുത്ത് ഏക്കര്‍ കണക്കിന് വയല്‍ നികത്തി ആഡിറ്റോറിയം പണിതപ്പോള്‍ ഇതേ സംഘടന കണ്ണടച്ചുവെന്നും വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ച് നാട്ടിലെത്തി സ്വസ്ഥ ജീവിതം നയിക്കാന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിച്ചയാളെ ശല്യപ്പെടുത്തി ജീവനെടുത്തുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

സംഭവം അറിഞ്ഞിട്ടില്ലെന്നും വിശദവിവരങ്ങള്‍ അന്വേഷിച്ചതിന് ശേഷം പ്രതികരിക്കാം എന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com