കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ ബലമായി തടഞ്ഞുവെച്ചു; വൈദിക സമിതി യോഗം മാറ്റി

ആരോപണ വിധേയനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ ബലമായി തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ ബലമായി തടഞ്ഞുവെച്ചു; വൈദിക സമിതി യോഗം മാറ്റി

കൊച്ചി:  സീറോ മലബാര്‍ സഭയുടെ അങ്കമാലി- എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. ആരോപണ വിധേയനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ ബലമായി തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്. വി വി അഗസ്റ്റിന്‍ ഉള്‍പ്പെടെ മൂന്ന് അല്‍മായര്‍ തന്നെ തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ജോര്‍ജ് ആലഞ്ചേരി അറിയിക്കുകയായിരുന്നുവെന്ന് വൈദിക സമിതി അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമി ഇടപാട് വിഷയം വൈദിക സമിതി പരിഗണിക്കുന്നതിന് മുന്‍പ് പാസ്റ്റര്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യണമെന്നതാണ് അല്‍മായ സംഘടനകളുടെ മുഖ്യ ആവശ്യം.

എന്നാല്‍ ചരിത്രത്തില്‍ ആദ്യമായാണ് കര്‍ദിനാല്‍ വിളിച്ച ചേര്‍ത്ത യോഗം മാറ്റിവെയ്ക്കുന്നതെന്ന് വൈദിക സമിതി അംഗങ്ങള്‍ വ്യക്തമാക്കി. യോഗം തടസപ്പെടുന്ന നിലയില്‍ കര്‍ദിനാളിനെ ചിലര്‍ തടഞ്ഞുവെയ്ക്കുന്നത് സഭയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും സമിതി അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.  സഭയുടെ കീഴിലുളള 458 വൈദികരില്‍ തെരഞ്ഞെടുക്കപ്പെട്ട 52 പേരാണ് വൈദിക സമിതിയിലുളളത്. 

നേരത്തെ സീറോ മലബാര്‍ സഭ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായി അഡ്വ. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് എറണാകുളം റെയ്ഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, പൊക്യുറേറ്റര്‍ ഫാദര്‍  ജോഷി പുതുവ, വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ പ്രതികളാക്കിയാണ് പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com