സമരം തുടരും; മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതില്‍ സന്തോഷമെന്നും ശ്രീജിത്ത്

സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശ്രീജിത്ത്
സമരം തുടരും; മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചതില്‍ സന്തോഷമെന്നും ശ്രീജിത്ത്


തിരുവനന്തപുരം: സഹോദരന്റെ കൊലപാതകത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ശ്രീജിത്ത് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും എന്നാല്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കുംവരെ സമരം ചെയ്യുമെന്നും വ്യക്തമാക്കി.സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ശ്രീജിത്ത് കൂടിക്കഴ്ചയ്ക്ക്  ശേഷം പ്രതികരിച്ചു.

2014 മെയ് 21 നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് കൊലചെയ്യപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.

സമരം 760 ദിവസങ്ങള്‍ പിന്നിട്ടശേഷമായിരുന്നു സോഷ്യല്‍മീഡിയയില്‍ ശ്രീജിത്തിന്റെ സമരം ചര്‍ച്ചയാകുന്നത്. ഇതേത്തുടര്‍ന്ന് നിരവധിയാളുകള്‍ ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കാന്‍ ധാരണയായതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് എംപിമാര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com