കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ബോധപൂര്‍വമായ പ്രചാരണം: ഗവര്‍ണര്‍

 ദേശീയ തലത്തില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടന്നിട്ടും ക്രമസമാധാനവും നല്ല ഭരണവും കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചു
കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്‌കരിക്കാന്‍ ബോധപൂര്‍വമായ പ്രചാരണം: ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. ദേശീയ തലത്തില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടന്നിട്ടും ക്രമസമാധാനവും നല്ല ഭരണവും കാഴ്ചവയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ക്രമസമാധാന പരിപാലനത്തില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും ഇത്തരം പ്രചരണങ്ങള്‍ വരുന്നത് അപലപനീയമാണ്. 
ഓഖി ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും, വികസന കാഴ്ചപ്പാടില്‍ പരിസ്ഥിതിയെ കൂടി പരിഗണിക്കണമെന്നും ഓഖി നല്‍കുന്ന മുന്നറിയിപ്പ് ഇതാണെന്നും പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. നോട്ട് നിരോധനവും, ജിഎസ്ടിയും സാമ്പത്തിക ബുദ്ധിമുട്ടിനിടയാക്കിയെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. ക്രമസമാധാന പാലനത്തിലും മാനവ വിഭവ ശേഷിയും രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് പറഞ്ഞ നയപ്രഖ്യാപന പ്രസംഗത്തില്‍ കാലാവസ്ഥാ വ്യതിയാനവും, പരിസര മലിനീകരണവും മറികടക്കുന്നതില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നല്‍കിയ പരിഗണനയില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ലോകത്തിന് മുന്നില്‍ കേരളം അഴിമതി രഹിത സംസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്. 

വെളിയിട വിജസര്‍ജന വിമുക്തമായ സംസ്ഥാനമാണ് കേരളം, 100 ശതമാനം വൈദ്യുതീകരണം സ്വന്തമാക്കിയ സംസ്ഥാനവുമാണ് കേരളം. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ ഒരു തരത്തിലുമില്ല ഭീഷണിയുമില്ല. അത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ മിനിമം വേധനം നടപ്പിലാക്കണം. അതിന് നിയമ നിര്‍മാണം നടത്തും. മികച്ച സാങ്കേതിക വിദ്യകളിലൂടെയാണ് കേരളത്തിന്റെ മുന്നേറ്റം. സാങ്കേതിക വിദ്യയിലൂടെ വിദ്യാഭ്യാസ നിലവാരം കൂട്ടാന്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നു. വിനോദ സഞ്ചാരത്തിന് ടൂറിസം റഗുലേറ്ററി രൂപികരിക്കും. കേരളത്തെ വ്യവസായ സൗഹൃദമാക്കും. വ്യവസായങ്ങള്‍ തുടങ്ങാന്‍ ഏകജാലക സംവിധാനം വഴി അനുമതി നല്‍കും. കായിക വികസനത്തിന് പ്രത്യേക കമ്പനിയും സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളും നടപ്പിലാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com