രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചന: കോടിയേരി

വസ്തുതകള്‍ മറച്ചുവെച്ച് എനിക്കും പാര്‍ട്ടിക്കുമെതിരായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്
രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കം സിപിഎമ്മിനെ അടിക്കാനുള്ള വടിയാക്കിയത് രാഷ്ട്രീയ ഗൂഢാലോചന: കോടിയേരി

ണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സിപിഎമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ നടക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ് എന്നു പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബിനോയ് കോടിയേരി കുറ്റക്കാരനല്ല എന്ന് കാണിച്ച് ദുബൈ പൊലീസ് നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെയാണ് കോടിയേരി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

2003 മുതല്‍ ദുബായില്‍ ജീവിച്ചുവരുന്ന എന്റെ മകന്‍ ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എനിക്കെതിരെയും എന്റെ പാര്‍ട്ടിക്കെതിരെയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. 

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവില്‍ ഇല്ല. തന്റെ പേരില്‍ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവില്‍ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല.

ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികള്‍ ഉള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സിപിഎമ്മിനോ യാതൊന്നും ചെയ്യാനില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ച് എനിക്കും പാര്‍ട്ടിക്കുമെതിരായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്.

രണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സിപിഎമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. മാധ്യമങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത എനിക്കെതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് സഖാക്കളോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിയ്ക്കുന്നു.

എന്റെ മകന്‍ ബിനോയിക്ക് ലഭിച്ച ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും 25-01-2018 വരെ ബിനോയിക്കെതിരെ ദുബായിലെ കോടതികളില്‍ കേസൊന്നും ഫയല്‍ ചെയ്തിട്ടില്ല എന്നതിന്റെ രേഖകളും ഇവിടെ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യം,അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com