അമിതവേഗത്തില്‍ വന്ന കാറിടിച്ചു; കരിക്കകം ദുരന്തത്തിലെ രക്ഷാനായകന് ദാരുണാന്ത്യം

അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
അമിതവേഗത്തില്‍ വന്ന കാറിടിച്ചു; കരിക്കകം ദുരന്തത്തിലെ രക്ഷാനായകന് ദാരുണാന്ത്യം

തിരുവനന്തപുരം: അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കരിക്കകം ആറ്റുവരമ്പ് റോഡില്‍ ടി.സി 78-999 വിഎന്‍പിയില്‍ ഉദയകുമാര്‍ (48)ആണ് മരിച്ചത്.  2011 ഫെബ്രുവരി 17നു കരിക്കകത്ത് പിഞ്ചുകുട്ടികളുമായി വാന്‍ പുഴയില്‍ വീണ ദുരന്തവേളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ആളാണ് ഉദയകുമാര്‍.  

മറിഞ്ഞ വാനില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ആദ്യം പുത്തനാറിലേക്ക് ചാടിയ അഞ്ചുപേരില്‍ ഇദ്ദേഹമുണ്ടായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ബൈപാസ് റോഡില്‍ ആക്കുളം പെട്രോള്‍ പമ്പിന് സമീപത്തായിരുന്ന് അപകടം.  ജോലിസ്ഥലത്ത് മറന്നുവച്ച മൊബൈലുമെടുത്ത് കഴക്കൂട്ടത്തെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങവെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനത്തിലിടിച്ചാണ് കാര്‍ നിന്നത്.  ഗുരുതര പരുക്കേറ്റ ഉദയനെ കാറിലുണ്ടായിരുന്നവര്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോധം നഷ്ടപ്പെട്ടതിനാല്‍  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി.  അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കഴക്കൂട്ടം ആറ്റിന്‍കുഴി മൂപ്പന്‍വിളാകത്തു വീട്ടില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com