ആംബുലന്‍സുകാരുട കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തി; വാടകയ്ക്ക് പകരം അപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈല്‍ തട്ടിയെടുത്തു

ട്രക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആംബുലന്‍സുകാര്‍ വാടകയ്ക്ക് പകരം രോഗിയുടെ മൊബൈല്‍ കൈക്കലാക്കി
ആംബുലന്‍സുകാരുട കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തി; വാടകയ്ക്ക് പകരം അപകടത്തില്‍ പരിക്കേറ്റയാളുടെ മൊബൈല്‍ തട്ടിയെടുത്തു

കൊച്ചി: ട്രക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയ ആംബുലന്‍സുകാര്‍ വാടകയ്ക്ക് പകരം രോഗിയുടെ മൊബൈല്‍ കൈക്കലാക്കി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് അങ്കമാലി ടെല്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് ഇരുകാലുകളും തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭോപാല്‍ സ്വദേശി മുഹമ്മദ് ജാവിക്കിന്റെ മൊബൈലാണ് ആംബുലന്‍സുകാര്‍ കൈക്കലാക്കിയത്. ബന്ധുക്കള്‍ ഭോപാലില്‍ നിന്നെത്തി ആംബുലന്‍സുകാരെ അന്വേഷിച്ച് കണ്ടെത്തി വാടക നല്‍കിയശേഷമാണ് ജാവിക്കിന്റെ മൊബൈല്‍ ഫോണ്‍ തിരികെക്കിട്ടിയത്.

അപകടത്തില്‍ ഇരുകാലുകളും ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഒരു ആംബുലന്‍സില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തം നഷ്ടപ്പെട്ട് അവശനിലയിലെത്തിയ ജാവിക്കിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനുള്ളതുകൊണ്ട് അക്കാര്യം ബന്ധുക്കളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ മൊബൈല്‍ ഫോണ്‍ അന്വേഷിച്ചപ്പോഴാണ് അത് നഷ്ടമായ വിവരം അറിയുന്നത്. തുടര്‍ന്ന് എത്രയും വേഗം ജാവിക്കിന് ആവശ്യമായ രക്തം ലഭ്യമാക്കാനും ശസ്ത്രക്രിയ നടത്താനും ആശുപത്രി അധികൃതര്‍ മുന്‍കൈയെടുക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ജാവിക്കിന്റെ തകര്‍ന്ന ശരീരഭാഗങ്ങള്‍ പുനഃസ്ഥാപിച്ചത്. 

 തുടര്‍ന്ന മറ്റ് മാര്‍ഗങ്ങളിലൂടെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ ജാവിക്കിന്റെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ആംബുലന്‍സ് വാടകയ്ക്കു പകരം ഫോണ്‍ തങ്ങള്‍ എടുത്തുകൊണ്ടുപോയ വിവരം ആംബുലന്‍സുകാര്‍ പറയുന്നത്. ഭോപാലില്‍ നിന്ന് ജാവിക്കിന്റെ ബന്ധുക്കളെത്തി ആംബുലന്‍സ് തുക നല്‍കിയശേഷമാണ് മൊബൈല്‍ഫോണ്‍ തിരികെക്കിട്ടിയത്.

ഡല്‍ഹി ആസ്ഥാനമായ കാര്‍ കൊറിയര്‍ സ്ഥാപനത്തില്‍ ഡ്രൈവറായ ജാവിക്, ഡല്‍ഹിയില്‍ നിന്ന് തിരുവല്ലയിലേക്ക് ട്രക്കില്‍ അയച്ച ഒരു ബെന്‍സ് കാറുമായാണ് അങ്കമാലിയിലെത്തിയത്. െബംഗളൂരു വരെ ട്രക്കില്‍ എത്തിച്ച കാര്‍ തുടര്‍ന്ന് റോഡ് മാര്‍ഗം ഓടിച്ച് തിരുവല്ലയിലുള്ള കാറുടമയ്ക്ക് കൈമാറാന്‍ വരുംവഴിയാണ് അപകടമുണ്ടായത്. വാഹനം അങ്കമാലി ടെല്‍ക്കിനു സമീപം എത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അതു വാങ്ങിക്കൊണ്ടുവന്ന് വാഹനത്തില്‍ നിറച്ചു കൊണ്ടിരിക്കെയാണ് അമിതവേഗത്തില്‍ വന്ന ട്രക്ക് ജാവിക്കിനെയും കാറിനെയും ഇടിച്ചത്. ജാവിക്കിന്റെ ഇരുകാലുകളിലൂടെയും ട്രക്ക് കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് വന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ജാവിക്കിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com