അവര്‍ എന്നെ കുടുക്കിയതാണ്; നിങ്ങള്‍ സത്യം അറിയണം, നൂറുദ്ദീന്‍ ഷെയ്ഖ് വീണ്ടും ഫെയ്‌സ്ബുക്ക്‌ലൈവില്‍

ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വര്‍ത്താനത്തില്‍ സത്യമുണ്ടെന്ന് തോന്നിയ ഞാന്‍ വിഡിയോ പോസ്റ്റ് ചെയ്തു
അവര്‍ എന്നെ കുടുക്കിയതാണ്; നിങ്ങള്‍ സത്യം അറിയണം, നൂറുദ്ദീന്‍ ഷെയ്ഖ് വീണ്ടും ഫെയ്‌സ്ബുക്ക്‌ലൈവില്‍


കൊച്ചി: യൂണിഫോമില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാനെതിരെ ഫെയ്‌സ്ബുക്ക് ലൈവില്‍ അപവാദപ്രചാരണം നടത്തിയ നൂറുദ്ദീന്‍ ഷെയ്ഖ് വീണ്ടും ഫെയ്‌സ്ബുക്ക് ലൈവുമായി രംഗത്ത്. തന്നെ തെറ്റിദ്ധരിപ്പിച്ചാതാണെന്ന് പറഞ്ഞാണ് ഇയാള്‍ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെ റിപ്പോര്‍ട്ടറാണ്  ഇത്തരത്തില്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നൂറൂദ്ദിന്റെ വാക്കുകള്‍

മറുനാടന്‍ മലായാളിയുടെ റിപ്പോര്‍ട്ടറാണ് എന്നോട് പറഞ്ഞത്. ഈ ന്യൂസ് വ്യാജമാണെന്നും ഹനാന്റെ കയ്യില്‍ കിടക്കുന്നത് നവരത്‌നമോതിരമാണെന്നും സംവിധായകന്‍ അരുണ്‍ ഗോപി സിനിമയ്ക്കായി നടത്തിയ പ്രമോഷനാണ് ഈ വാര്‍ത്തയെന്നും അദ്ദേഹം എന്നോട് പറഞ്ഞു. നവരത്‌നം എന്താണെന്ന് പോലും അറിയാത്ത എന്നോട് ഇതൊക്കെ പറയുന്നത് അവനാണ്. ഈ വിഡിയോ അരുണ്‍ ഗോപി ഷെയര്‍ ചെയ്തത് കണ്ടോ, ഇതില്‍ നിന്നും തന്നെ ഇത് വ്യാജവാര്‍ത്തയാണ് പെയ്ഡ് ന്യൂസ് ആണ് എന്ന് മനസ്സിലാക്കാം. ഇത് മലയാളിയുടെ സഹായിക്കാനുള്ള മനസിനെ ചൂഷണം ചെയ്യുകയാണ്. നീയൊരു വിഡിയോ ചെയ്യണം. അവന്റെ വര്‍ത്താനത്തില്‍ സത്യമുണ്ടെന്ന് തോന്നിയ ഞാന്‍ വിഡിയോ പോസ്റ്റ് ചെയ്തു. ഇത് ഉടന്‍ തന്നെ ഈ ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്തയാക്കുകയും ചെയ്തു. 

വിഡിയോ വൈറലായതോടെ എല്ലാവരും ആ പെണ്‍കുട്ടിക്കെതിരെ തിരിഞ്ഞു. പിന്നീടാണ് അവള്‍ നിരപരാധിയാണെന്നും താന്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും എനിക്ക് മനസിലാകുന്നത്. അങ്ങനെയാണ് ഞാന്‍ ഇന്നലെ മാപ്പു പറഞ്ഞ് വിഡിയോ ഇട്ടത്. പക്ഷേ രൂക്ഷമായ സൈബര്‍ ആക്രമണം ആണ് എനിക്കെതിരെ നടന്നത്. ഇതിന് പിന്നാലെ ഞാന്‍ വിഡിയോ നീക്കം ചെയ്തു.എന്നാല്‍ രാത്രിയോടെ ഇതേ മാധ്യമം ഞാന്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്തു. ഞാന്‍ കൊച്ചിയില്‍ തന്നെയുണ്ട്. അവര്‍ എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചിട്ട് ഒടുവില്‍ എന്നെ കുടുക്കാനാണ് ശ്രമിക്കുന്നത്. ഈ സത്യം നിങ്ങള്‍ അറിയണം.  അവര്‍ക്ക് റേറ്റിങ് ഉണ്ടാക്കാന്‍ അവന്‍ എന്നെ കൊണ്ട് ചെയ്യിച്ചതാണ്. 
തെളിവുകള്‍ കൈവശം ഉണ്ടെന്നും ഇത് അധികൃതര്‍ക്ക് കൈമാറുെമന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു. എന്തു വന്നാലും എന്റെ പേര് പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ എനിക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അത് നിങ്ങള്‍ക്ക് വേണമെങ്കില്‍ തുടരാം, പക്ഷേ ഇതാണ് സത്യം. നൂറുദ്ദീന്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് ഇയാള്‍ വീണ്ടും വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com