കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ലീഗും

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രത്യേക താത്പര്യം എടുത്തതിനെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയേയും ചര്‍ച്ചകളിലേക്ക് ക്ഷണിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായത്
കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍; ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ ലീഗും

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ താത്പര്യപ്രകാരം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും യുഡിഎഫിനെ ശക്തിപ്പെടുത്തുന്നത് മുന്നില്‍ കണ്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കും.എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രത്യേക താത്പര്യം എടുത്തതിനെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയേയും ചര്‍ച്ചകളിലേക്ക് ക്ഷണിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായത്. 

കെ.എം.മാണിയെ മുന്നണിയില്‍ തിരികെ കൊണ്ടു വരുന്ന വിഷയത്തില്‍ പ്രധാനമായും ചര്‍ച്ച നടത്തും. യുഡിഎഫ് കണ്‍വീനര്‍ ആരാകണമെന്നതും, മുന്നണിയേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുക എന്നതും സംസ്ഥാന നേതാക്കളുടെ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും. 

ബുധനാഴ്ചത്തെ മധ്യപ്രദേശിലെ കര്‍ഷകറാലിയില്‍ പങ്കെടുത്ത് വൈകീട്ട് രാഹുല്‍ ഗാന്ധി തിരിച്ചെത്തുമ്പോഴായിരിക്കും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച. കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയിലെത്തും. എ.കെ.ആന്റണിയും, കെപിസിസി പ്രസിഡന്റാവാന്‍ സാധ്യതയുള്ള മുല്ലപ്പളി രാമചന്ദ്രനും ഡല്‍ഹിയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com