ഭിക്ഷാടകനായി എത്തി; തിരൂര്‍ പോസ്റ്റ് പോസ്റ്റ്ഓഫീസില്‍ നിന്ന് നാല് ലക്ഷം കവര്‍ന്നു

ഭിക്ഷാടകനെന്ന വ്യാജേന നഗരമധ്യത്തിലെ പോസ്റ്റ്ഓഫീസില്‍ സഹായം തേടിയെത്തിയ മോഷ്ടാവ് പോസ്റ്റ്മാസ്റ്ററുടെ മേശപ്പുറത്തുണ്ടായിരുന്ന നാലുലക്ഷം രൂപ കവര്‍ന്നു
ഭിക്ഷാടകനായി എത്തി; തിരൂര്‍ പോസ്റ്റ് പോസ്റ്റ്ഓഫീസില്‍ നിന്ന് നാല് ലക്ഷം കവര്‍ന്നു

തിരൂര്‍: ഭിക്ഷാടകനെന്ന വ്യാജേന നഗരമധ്യത്തിലെ പോസ്റ്റ്ഓഫീസില്‍ സഹായം തേടിയെത്തിയ മോഷ്ടാവ് പോസ്റ്റ്മാസ്റ്ററുടെ മേശപ്പുറത്തുണ്ടായിരുന്ന നാലുലക്ഷം രൂപ കവര്‍ന്നു. തിരൂര്‍ സിറ്റി ആസ്പത്രിക്കു സമീപത്തെ ഈസ്റ്റ്ബസാര്‍ സബ് പോസ്റ്റ്ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം

പോസ്റ്റ്ഓഫീസ് സമ്പാദ്യപദ്ധതിയില്‍ പണമടച്ചയാള്‍ അക്കൗണ്ട് ക്ലോസ്‌ചെയ്ത് 7,44,450 രൂപ തിരിച്ചുവാങ്ങാന്‍ ഉച്ചയ്ക്ക് 12 മണിക്ക് വരുമെന്നറിയിച്ചതിനാല്‍. ഇയാള്‍ക്കുകൊടുക്കാന്‍ മുഖ്യ തപാല്‍ ഓഫീസില്‍നിന്ന് നാലരലക്ഷം രൂപ കൊണ്ടുവരികയും സബ് പോസ്റ്റ്ഓഫീസിലുള്ള ബാക്കി തുകയും ചേര്‍ത്ത് അക്കൗണ്ട് ഉടമയ്ക്ക് നല്‍കാന്‍ മേശപ്പുറത്ത് വെച്ചിരുന്നു. ഇതില്‍ നിന്നാണ് യാചകനായി എത്തിയ ആള്‍ നാലുലക്ഷം രൂപയാണ് കൊള്ളയടിച്ചത്. 

സബ് പോസ്റ്റ്മാസ്റ്റര്‍ ഭാര്‍ഗവിയും എം.ടി.എസ്. ജീവനക്കാരന്‍ ടി. സുരേന്ദ്രനും ആര്‍.ഡി. ഏജന്റ് സുജാതയുമായിരുന്നു പോസ്റ്റ്ഓഫീസില്‍ ഉണ്ടായിരുന്നത്. ഭാര്‍ഗവി ഉച്ചഭക്ഷണം കഴിക്കാന്‍ മുറിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് തലയില്‍ തൊപ്പിയിട്ട് കൈയില്‍ ഫയലുമായി ഒരാള്‍ ഭിക്ഷയാചിച്ച് ഓഫീസിലെത്തിയത്. മുറിയില്‍ക്കയറി സഹായംചോദിച്ച ആളോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞ് ഭാര്‍ഗവി 20 രൂപ നോട്ട് ബാഗില്‍ നിന്ന് എടുത്തുകൊടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ നോട്ടുകെട്ടുമെടുത്ത് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ പോസ്റ്റ്ഓഫീസില്‍ കയറുന്നതും ഓടി രക്ഷപ്പെടുന്നതുമായ രംഗങ്ങള്‍ പോസ്റ്റ്ഓഫീസിനു മുകളിലെ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രതി ഇതരസംസ്ഥാനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍നിന്ന് ഇയാള്‍ 15,000 രൂപ ഇതേരീതിയില്‍ കൊള്ളയടിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാള്‍ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com