രണ്ടരവയസുകാരന്‍ ഓട്ടോയില്‍ കയറി നാടുവിട്ടു: നട്ടംതിരിഞ്ഞ് ഓട്ടോക്കാരനും വീട്ടുകാരും

തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന രണ്ടരവയസുള്ള ആണ്‍കുട്ടിയെ കാണാതായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചേലക്കര: സംസാരിക്കാന്‍ കൂടി ആവാത്ത ചെറിയ കുട്ടി ഒറ്റയ്ക്ക് നാടുകാണാനിറങ്ങിയാല്‍ എന്താകും അവസ്ഥ. അതും ഓട്ടോയില്‍. തൃശൂര്‍ ജില്ലയിലെ ചേലക്കരയിലാണ് സംഭവം. കുടുംബത്തിന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് നാട്ടുകരെയും വീട്ടുകാരെയും ഒരു മണിക്കൂറോളം പ്രതിസന്ധിയിലാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ആദ്യം കരുതിയത്.

ബുധനാഴ്ച മൂന്നരയോടെയാണ് സംഭവം. ചേലക്കര ടൗണില്‍ ബസിറങ്ങിയ കുടുംബം സമീപത്തുള്ള പാത്രക്കടയിലേക്ക് കയറി. ഉടന്‍ തന്നെ തിരിഞ്ഞ് നോക്കിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന രണ്ടരവയസുള്ള ആണ്‍കുട്ടിയെ കാണാതായിരുന്നു. ആ പ്രദേശത്ത് മുഴുവന്‍ നോക്കിയിട്ടും കുട്ടിയെ കണ്ടില്ല. പരിഭ്രമിച്ചു പോയ വീട്ടുകാര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് കരുതിയത്. കുട്ടി ബസില്‍ തന്നെ ഉണ്ടാകാമെന്നും വാദപ്രതിവാദങ്ങള്‍ നടന്നു. 

നാട്ടുകാര്‍ കുട്ടിയെ അന്വേഷിച്ച് നാലു ദിക്കിലേക്കും പറന്നു. കുട്ടിയുടെ ഉപ്പൂപ്പ ഒരു ബൈക്കില്‍ കയറി ബസിനു പുറകിലും വെച്ചു പിടിച്ചു. അപ്പോഴേക്കും ചേലക്കര സ്റ്റാന്‍ഡിലെത്തിയ ബസ് നിര്‍ത്തിച്ച് പരിശോധിച്ചെങ്കിലും കുട്ടിയെ കിട്ടിയില്ല. 

അതേസമയം കുഞ്ഞിനെയും പിറകിലിരുത്തി ഓട്ടോ ഡ്രൈവര്‍ പോയിരുന്നു. അരക്കിലോമീറ്ററോളം പോയിട്ടും കുട്ടി പിന്നിലുണ്ടെന്ന വിവരം ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോഴാണ് ഓട്ടോയില്‍ കുട്ടിയെ കണ്ടെത്തിയത്. ഓട്ടോയില്‍ എങ്ങനെ കുട്ടി എത്തിയെന്നറിയാതെ ഡ്രൈവര്‍ പകച്ചുപോയി. ഓട്ടോയ്ക്ക് ചുറ്റും നാട്ടുകാരും കൂടി.

ഈ സമയത്താണ് കുട്ടിയെ തിരക്കിയിറങ്ങിയ രക്ഷിതാക്കളും സംഘവും ഇവിടെയെത്തിയത്. കുട്ടിയെ കണ്ടെത്തിയതോടെയാണ് വീട്ടുകാര്‍ക്ക് സമാധാനമായത്. ഓട്ടക്കാരനും അതുവരെ പരിഭ്രമിച്ച് നില്‍ക്കുകയായിരുന്നു. കുട്ടി ഓട്ടോയില്‍ എങ്ങനെ എത്തിയെന്ന് ഓട്ടോക്കാരനും മനസിലായിരുന്നില്ല.  

കുടുംബം ചേലക്കരയില്‍ ബസിറങ്ങിയപ്പോള്‍ തൊട്ടപിന്നാലെയുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കുട്ടി കയറിയിരിക്കുകയായിരുന്നു. ഇതറിയാതെ ഓട്ടോ കാരന്‍ വണ്ടി ഓടിച്ചുപോയതാണ് വിനയായത്. 

കുട്ടിയുടെ ഉപ്പ ഗള്‍ഫിലാണ്. ഉമ്മയുടെയും ഉമ്മൂമ്മയുടെയും ഉപ്പൂപ്പയുടെയും കൂടെയായിരുന്നു കുട്ടി ചേലക്കരയിലെത്തിയത്. ഉമ്മയുടെ കയ്യില്‍ ഒരു വയസായ മറ്റൊരു കുട്ടി കൂടി ഉണ്ടായുരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com