അടിമപ്പണിയും മര്‍ദനവും: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി 

കേരള പൊലീസില്‍ മേലുദ്യോഗസ്ഥര്‍ക്ക്  ക്യാമ്പ് ഫോളോവേഴ്‌സിന് അടിമപ്പണി ചെയ്യേണ്ടിവരുന്ന വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
അടിമപ്പണിയും മര്‍ദനവും: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി 

തിരുവനന്തപുരം: കേരള പൊലീസില്‍ മേലുദ്യോഗസ്ഥര്‍ക്ക്വേണ്ടി
 ക്യാമ്പ് ഫോളോവേഴ്‌സിന് അടിമപ്പണി ചെയ്യേണ്ടിവരുന്ന വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയും അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. നേരത്തെ സംഭവം അതീവ ഗൗരവതരമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

മേലുദ്യോസഗസ്ഥരായാലും നിയമത്തിന് അതീതരല്ലെന്നും പിണറായി പറഞ്ഞിരുന്നു. എ.ഡി.ജി.പിയുടെ മകള്‍  മര്‍ദ്ദിച്ച പൊലീസ് െ്രെഡവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഗവാസ്‌കറുടെ ഭാര്യ പരാതി നല്‍കിയത്. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഗവാസ്‌കറുടെ ഭാര്യ രേഷ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഭര്‍ത്താവിന് നേരിടേണ്ടിവന്ന മാനസിക പീഡനം അടക്കമുള്ളവയെപ്പറ്റി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.കേസ് പിന്‍വലിക്കാന്‍  ഉന്നത ഉദ്യോഗസ്ഥന്‍ സമ്മര്‍ദം ചെലുത്തി. മുന്‍പും ഭര്‍ത്താവിനെ മാനസിക പീഡിപ്പിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു. 

ശാരീരിക പീഡനവും നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് പരാതിയുമായി അധികൃതരെ കാണേണ്ടിവന്നത്. ആശുപത്രി വിട്ടാല്‍ ഉടന്‍ ഗവാസ്‌കര്‍ മുഖ്യമന്ത്രിയെ കാണുമെന്നും രേഷ്മ വ്യക്തമാക്കി.

ഭര്‍ത്താവിനുനേരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന ആവശ്യവും ഗവാസ്‌കറുടെ ഭാര്യ ഉന്നയിച്ചുവെന്നാണ് സൂചന. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് പൊലീസുകാര്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും വീട്ടുജോലി അടക്കമുള്ളവ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചും അവര്‍ പരാതിപ്പെട്ടുവെന്നാണ് വിവരം. സംഭവത്തില്‍ തെക്കന്‍ മേഖലാ എഡിജിപി അനില്‍കാന്തിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചുവരുത്തി. 

അതിനിടെ, എഡിജിപിയുടെ കുടുംബത്തിനെതിരെ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗവാസ്‌കറിന് ലഭിക്കേണ്ട നിയമസഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസുകാരനെതിരെയും എഡിജിപിയുടെ മകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നീതി ലഭിക്കാനായി കേസുമായി ഏതറ്റം വരെയും പോകുമെന്ന് മര്‍ദ്ദനത്തിനിരയായ പോലീസുകാരന്‍ ഗവാസ്‌കര്‍ പറഞ്ഞു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായും ഗവാസ്‌കര്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com