നായയെ കുളിപ്പിക്കണം, എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി; തുറന്ന് പറഞ്ഞ് പൊലീസുകാര്‍

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് ഗവാസ്‌കര്‍
നായയെ കുളിപ്പിക്കണം, എഡിജിപിയുടെ വീട്ടില്‍ അടിമപ്പണി; തുറന്ന് പറഞ്ഞ് പൊലീസുകാര്‍

തിരുവനന്തപുരം: ബറ്റാലിയന്‍ എഡിജിപി സുധേഷ്‌ കുമാറിന്റെ മകള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ പരാതി നല്‍കിയ പൊലീസുകാരനെതിരേയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മര്‍ദ്ദിച്ചുവെന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിന്റെ പരാതിയില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെയായിരുന്നു എഡിജിപിയുടെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. 

അതിനിടെ എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് ഡിജിപിയുടെ മകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാരന്‍ ഗവാസ്‌കര്‍ പറയുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. 

പൊലീസുകാരനെ മര്‍ദ്ദിച്ച എഡിജിപിയുടെ മകള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് പൊലീസ് വ്യക്തമാക്കാത്തതിന് ഇടയില്‍ ബറ്റാലിയന്‍ എഡിജിപി സുധേഷ്‌ കുമാറിനെതിരെ പേരൂര്‍ക്കട എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. എഡിജിപിയുടെ നായയ്ക്കുള്ള മീന്‍ ഇനി വറത്തു നല്‍കാനില്ലെന്ന് വ്യക്തമാക്കിയാണ് പൊലീസുകാര്‍ പ്രതിഷേധ സ്വരം കടുപ്പിക്കുന്നത്. 

എസ്പി ക്യാമ്പിലെ മെസിലാണ് എഡിജിപിയുടെ നായയ്ക്ക് വേണ്ട മീന്‍ പാചകം ചെയ്തിരുന്നത്. ഇനി അതിന് തങ്ങള്‍ തയ്യാറല്ലെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥര്‍ എഡിജിപിയുടെ നായയ്ക്ക് വേണ്ടി കൊണ്ടുവന്ന മീന്‍ പാചകം ചെയ്യാതെ തിരിച്ചയച്ചത്.

ഇതുകൂടാതെ എഡിജിപിയുടെ വീട്ടിലെ അടിമപ്പണിയെ കുറിച്ച് വെളിപ്പെടുത്തലുകളാണ് പൊലിസുകാരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പട്ടിയെ പരിശീലിപ്പിക്കുന്നതിന് വിമുഖത കാണിച്ച പൊലീസുകാരനെതിരെ നടപടി എടുത്തു. എഡിജിപിയുടെ മകള്‍ക്കെതിരെ ചിരിച്ച പൊലീസുകാരനെതിരേയും നടപടി എടുത്തുവെന്ന് ആരോപണം ഉയരുന്നു. നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിക്കും. മകളുടെ മുന്നില്‍ വെച്ച് ചിരിച്ചുവെന്ന് ആരോപിച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ചികിത്സയിലുള്ള പൊലീസുകാരന്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു എഡിജിപിയുടെ മകളും പൊലീസ് ഡ്രൈവറും തമ്മിലുള്ള കയ്യാങ്കളിയുണ്ടായത്. രാവിലെ എഡിജിപിയുടെ മകളേയും ഭാര്യയേയും പ്രഭാത നടത്തത്തിനായി കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ വണ്ടിയിലിരുന്ന് ചീത്ത വിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത് റോഡില്‍ വണ്ടി നിര്‍ത്തിയിട്ടതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു എന്നാണ് ഗവാസ്‌കറിന്റെ ആരോപണം. 

കൈയ്ക്ക് കടന്നു പിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പുകള്‍ ചുമത്തിയാണ് ഗവാസ്‌കറിനെതിരെ എഡിജിപിയുടെ മകളുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com