ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിക്കുന്നത് സിഐ നോക്കി നിന്നു; കേസ് അന്വേഷണം ഇതേ ഉദ്യോഗസ്ഥന്‍

മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് സിഐയുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന
ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിക്കുന്നത് സിഐ നോക്കി നിന്നു; കേസ് അന്വേഷണം ഇതേ ഉദ്യോഗസ്ഥന്‍

കൊല്ലം; വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിക്കുന്ന സമയത്ത് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കാഴ്ചക്കാരനായി നില്‍പ്പുണ്ടായിരുന്നെന്ന് മൊഴി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചല്‍ സിഐ മോഹന്‍ദാസ് മര്‍ദനം തടയാന്‍ ശ്രമിക്കാതെ കാഴ്ചക്കാരനായി നിന്നെന്നാണ് ആരോപണം. മര്‍ദ്ദന കേസ് അന്വേഷിക്കുന്നത് ഈ ഉദ്യോഗസ്ഥന്‍ തന്നെയാണ്. 

മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ അഗസ്ത്യക്കോട് പുലിയത്ത് വീട്ടില്‍ ഷീന കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് സിഐയുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. സിഐ വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപമായിരുന്നു സംഭവം. ബഹളം കേട്ടു പുറത്തിറങ്ങിയ സിഐ ഗണേഷിനെയും ഡ്രൈവറെയും പിടികൂടുന്നതിനു പകരം ഇവരെ സ്ഥലത്തുനിന്നു രക്ഷിക്കാനാണു ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എംഎല്‍എയുടെ മര്‍ദനത്തില്‍ പരുക്കേറ്റ അനന്തകൃഷ്ണന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സിഐ തടഞ്ഞതായും ആക്ഷേപമുണ്ട്.

ആളുകൂടിയതോടെ ഗണേഷ്‌കുമാറും ഡ്രൈവറും സ്ഥലംവിട്ടു. തൊട്ടു പിന്നാലെ സിഐയും ഇവിടെനിന്നു മാറി. ഉച്ചയ്ക്ക് ഒന്നരയ്ക്കു മര്‍ദനമേറ്റ അനന്തകൃഷ്ണന്‍ ഒരുമണിക്കൂറിനകം സിഐയ്ക്കു പരാതി നല്‍കിയെങ്കിലും കേസ് എടുത്തത് വൈകിട്ട് 5.30ന്. മുക്കാല്‍ മണിക്കൂര്‍ മുന്‍പേ ഗണേഷ്‌കുമാറിന്റെ പരാതിയില്‍ കേസ് എടുക്കുകയും ചെയ്തു.

ഗണേഷിന്റെ പരാതി ഫാക്‌സില്‍ ലഭിച്ചെന്നാണ് സിഐ ആദ്യം പറഞ്ഞത്. ഗണേഷിന്റെ സ്റ്റാഫില്‍പെട്ടയാള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി എന്നായി പിന്നീട്. പ്രശ്‌നം വഷളാകുമെന്നു മനസ്സിലായതോടെ കോടതിയില്‍ മൊഴി നല്‍കാന്‍ ഷീനയ്ക്കു നോട്ടിസ് നല്‍കി തടിതപ്പി. ഷീന മൊഴി നല്‍കിയതിനാല്‍ ഇനി കോടതി നിര്‍ദേശം അനുസരിച്ചാകും കേസിന്റെ ഗതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com