ബംഗാളില്‍ പകുതി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; തന്ത്രങ്ങള്‍ ഒരുക്കാന്‍ അമിത് ഷാ ബുധനാഴ്ചയെത്തും

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ  ജന്മദിനത്തില്‍ എത്തുന്ന അമിത് ഷാ പ്രശസ്ത ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്തും - സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മീഡിയ ആര്‍മി രൂപികരിക്കും
ബംഗാളില്‍ പകുതി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; തന്ത്രങ്ങള്‍ ഒരുക്കാന്‍ അമിത് ഷാ ബുധനാഴ്ചയെത്തും

കൊല്‍ക്കത്ത: 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പശ്ചിമബംഗാളില്‍ അന്‍പത് ശതമാനം സീറ്റുകള്‍ പിടിക്കാനൊരുങ്ങി ബിജെപി. 42ല്‍ 22 സീറ്റുകള്‍ നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തെരഞ്ഞടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജൂണ്‍ 26 ബുധനാഴ്ച പശ്ചിമ ബംഗാളില്‍ എത്തും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതൊടൊപ്പം ചെറുതും വലുതുമായ നിരവധി പരിപാടികളിലും മോദി സന്ദര്‍ശിക്കും

ജൂണ്‍ 27 ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ 180ാം ജന്മദിനത്തില്‍ എത്തുന്ന അമിത് ഷാ ബംഗാളിലെ പ്രശസ്ത ബുദ്ധിജീവികളുമായി കൂടിക്കാഴ്ച നടത്തും. ത്രിണമൂല്‍ കോണ്‍ഗ്രസിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആശയപ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മീഡിയ ആര്‍മി രൂപികരിക്കും. ഇതിനായി ഐടി സെല്ലിന്റെ പ്രത്യേകയോഗവും അമിത് ഷാ വിളിച്ചുചേര്‍ത്തിട്ടുണ്ട്. രണ്ടാം ദിവസം അമിത് ഷാ പുരിള സന്ദര്‍ശിക്കും. ബിര്‍ബം ജില്ലയിലെ താരാപീഥ്, 51 ശക്തീപീഥ് എന്നിവിടങ്ങളിലും ഷാ സന്ദര്‍ശിക്കും. വൈകീട്ട് പുരിളയിലെ ബിജെപിയുടെ മഹാറാലിയിലും അമിത് ഷാ പങ്കെടുക്കും. പഞ്ചായത്ത് തെരഞ്ഞടുപ്പുകളില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റമാണ് പുരിളയില്‍ മെഗാറാലി സംഘടിപ്പിക്കാനുള്ള ബിജെപി തീരുമാനം. ബൂത്ത്തല പ്രവര്‍ത്തകരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.

2019ലെ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 22 സീറ്റുകള്‍ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇത്രയും സീറ്റുകള്‍ നേടുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ബിജെപി ലോക്‌സഭാ തെരഞ്ഞടുപ്പില്‍ നേടിയത്. രണ്ടുപേരെയും ബിജെപി കേന്ദ്രമന്ത്രിമാരാക്കുകയും ചെയ്തിരുന്നു. 

സംസ്ഥാനത്ത് മമതാ സര്‍ക്കാരിനെതിരായ വികാരം പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടാവില്ലെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട്തന്നെ അമിത് ഷായുടെ ടാര്‍ജറ്റ് എളുപ്പത്തില്‍ കഴിയുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ബംഗാളിന്റെ ചുമതലയുമുള്ള കൈലാഷ് വിജയ് വാര്‍ഗ്യ പറഞ്ഞു. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വോട്ടിംഗ് വര്‍ധന ഇതാണ് വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com