ഓരോ ആദിവാസിക്കും 200 ദിവസം തൊഴില്‍ ഉറപ്പാക്കും; അര്‍ഹരായവര്‍ക്ക് വനഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി

ആദിവാസി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഓരോ ആദിവാസിക്കും 200 ദിവസം തൊഴില്‍ ഉറപ്പാക്കും; അര്‍ഹരായവര്‍ക്ക് വനഭൂമി നല്‍കുമെന്നും മുഖ്യമന്ത്രി

അട്ടപ്പാടി: ആദിവാസി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള അവ്യക്തതകള്‍ നീക്കി കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടപ്പാടിയില്‍ ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ആദിവാസികള്‍ളുടെ റേഷന്‍ വിതരണം കാര്യക്ഷമമായി നടത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റാഗിയും ചോളവും സപ്ലൈക്കോ മുഖേന നല്‍കും. ഇതിനായി പത്തുകോടി മാറ്റിവെച്ചു. ഏപ്രില്‍ മുതല്‍ ഇത്  ആരംഭിക്കും. സമൂഹ അടുക്കള പദ്ധതി പ്രവര്‍ത്തനം നിലക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

ആദിവാസി ഊരുകളില്‍ ചോളവും റാഗിയും കൃഷി ചെയ്യാന്‍ പ്രോത്സാഹനം നല്‍കും. കുടുംബ ശ്രീ ലേബര്‍ ബാങ്കുകള്‍ വഴി ആദിവാസികള്‍ക്ക് തൊഴില്‍ ഉറപ്പാക്കും. എല്ലാവര്‍ക്കും റേഷന്‍ നല്‍കാനുള്ള സംവിധാനം ഉറപ്പാക്കും. ഓരോ ആദിവാസിക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കും. 

അര്‍ഹരായവരെ കണ്ടെത്തി വനഭൂമി നല്‍കും. കൂട്ടമായി താമസിക്കുന്നവരായതിനാല്‍ താമസിക്കാന്‍ സ്ഥലം ഒരുമിച്ചായിരിക്കും നല്‍കു.  കൃഷിസ്ഥലം വേറെയും നല്‍കും. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായ ആദിവാസികള്‍ക്ക് ദിവസ വേതന ജോലി നല്‍കും. മാനസ്സിക പ്രശ്‌നമുള്ള അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആളുകള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ കെയര്‍ ഹോമുകള്‍ തുടങ്ങും. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൂതല്‍ ശക്തമാക്കും. ഇത് ഏപ്രിലോടെ നടപ്പാക്കും. ട്രൈബല്‍ പ്രൊമോട്ടര്‍മാരില്ലാത്ത 42 ഊരുകളില്‍ ഏപ്രിലോടെ ട്രൈബല്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 

വലിയ തോതിലുള്ള മദ്യപാനം ആദിവാസി ഊരുകളില്‍ നിലനില്‍ക്കുന്നുവെന്നും ശക്തമായ ബോധവത്കരണ പരിപാടികള്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അട്ടപ്പാടിയില്‍ കിടപ്പ് രോഗികള്‍ എത്രപേരുണ്ടെന്ന് കണ്ടെത്തി ചികിത്സ നല്‍കുമെന്നും അദ്ദേഹം പറ#്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com