ഭൂമി വിൽപ്പന വിവാദം പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് കർദിനാൾ ; വരുന്നത് സമാധാനത്തിന്റെ ദിനങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2018 09:01 AM |
Last Updated: 25th March 2018 09:01 AM | A+A A- |

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന വിവാദം പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നുവെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മെത്രാന്മാരുടെയും അല്‍മായരുടെയും കൂട്ടായ്മയില്‍ എല്ല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഓശാന സന്ദേശത്തില്‍ പറഞ്ഞു.
ഭൂമി വില്‍പനയെക്കുറിച്ച് താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ് സത്യം. അതില്‍ പറയുന്നത് മാത്രമാണ് ശരി. മറ്റ് വാര്‍ത്തകള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ല. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ട്. ദുഷിച്ച പ്രവണതകളില്‍ നിന്ന് ശുദ്ധീകരിക്കുവാനുള്ള ആഹ്വാനമാണ് യേശു ദേവന്‍ നല്‍കിയത്.
ഓരോരോ കാരണങ്ങള്‍ക്കൊണ്ട് അശുദ്ധിയുള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അശുദ്ധിയുള്ളവരുടെ കൂട്ടത്തില്‍ പെടും. പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായിരിക്കുന്നത്. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
നാമാകുന്ന ദേവാലയങ്ങള്‍ ശുദ്ധികരിക്കാൻ ദൈവം ആവശ്യപ്പെടുന്നു. വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ ആലഞ്ചേരി നേതൃത്വം നല്‍കി.