അജ്ഞാത യാത്രക്കാരന് നന്ദി, ഓടിയെത്തിയ പൊലീസിനും; അമ്മയ്ക്ക് അവനെ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്‌

ഒരു ട്രെയിന്‍ യാത്രക്കാരന്റേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അവന്‍ അമ്മയ്ക്ക് അടുത്തേക്ക് തന്നെ തിരികെ എത്തി, വലിയ അപകടങ്ങളില്ലാതെ
അജ്ഞാത യാത്രക്കാരന് നന്ദി, ഓടിയെത്തിയ പൊലീസിനും; അമ്മയ്ക്ക് അവനെ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്‌

റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കളിച്ചു കൊണ്ട് നില്‍ക്കുന്നതിന് ഇടയിലായിരുന്നു രണ്ട് വയസുകാരനായ ദേവ നാരായണന്‍ റെയില്‍വേ ട്രാക്കിലേക്കിറങ്ങി ഒരു നടത്തം വെച്ചു കൊടുത്തത്. അവനെ തിരഞ്ഞിറങ്ങിയ അമ്മയാവട്ടെ നടന്നത് എതിര്‍ ദിശയിലും. പക്ഷേ ഒരു ട്രെയിന്‍ യാത്രക്കാരന്റേയും പൊലീസിന്റേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അവന്‍ അമ്മയ്ക്ക് അടുത്തേക്ക് തന്നെ തിരികെ എത്തി, വലിയ അപകടങ്ങളില്ലാതെ. 

വ്യാഴാഴ്ച രാത്രി എട്ടരയോടെ കളമശേരിയിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിലൂടെ നടക്കുന്ന കുട്ടി മറ്റൊരു ട്രാക്കിലൂടെ പോവുകയായിരുന്ന ട്രെയിനിലെ ഒരു യാത്രക്കാരന്റെ കണ്ണില്‍ പെടുകയായിരുന്നു. സമയം കളയാതെ കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് ഈ യാത്രക്കാരന്റെ ഫോണ്‍കോളെത്തി. 

ഫോള്‍കോള്‍ ലഭിച്ച ഉടനെ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ പ്രസന്നന്‍, സിപിഒമാരായ അനില്‍, നിയാസ് മീരാന്‍ എന്നിവര്‍ സ്ഥലത്തേക്കെത്തി. ടോര്‍ച്ചും കയ്യില്‍ പിടിച്ച് ഇവര്‍ നടത്തിയ തിരച്ചില്‍ കുട്ടിയെ കണ്ടെത്തി. റെയില്‍വേ ട്രാക്കിലൂടെ തലയില്‍ നിന്നും ചോരയൊലിപ്പിച്ച് കരഞ്ഞു വരികയായിരുന്നു ദേവനാരായണന്‍. 

കുഞ്ഞിനേയും എടുത്ത് അര കിലോമീറ്ററോളം ഇവര്‍ നടന്നെത്തിയപ്പോഴേക്കും തിരഞ്ഞിറങ്ങിയ അമ്മയും എത്തി. കുഞ്ഞിനെ ചോരയൊലിപ്പിച്ച് കണ്ടതോടെ അമ്മ തളര്‍ന്നു വീണു. പിന്നെ കുഞ്ഞിനേയും അമ്മയേയും കൊണ്ട് പൊലീസ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് തിരിച്ചു. റെയില്‍വേ ജീവനക്കാരിയാണ് ദേവനാരായണന്റെ അമ്മ മഞ്ജു. മൂന്ന് ദിവസം മുന്‍പാണ് മഞ്ജുവും കുടുംബവും ജോലിക്കായി കളമശേരിയില്‍ എത്തിയത്. 

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു കൊല്ലത്ത് ഡ്രൈവറായ അജിത്തിനും മഞ്ജുവിനും ദേവനാരായണനെ ലഭിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഞ്ജുവും ദേവനാരായണനും വീട്ടിലേക്ക് മടങ്ങി. റെയില്‍വേ ട്രാക്കില്‍ വീണതിന്റെ ചെറിയ മുറിവ് മാത്രമേ കുട്ടിക്കുണ്ടായിരുന്നുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com