എന്റെ സാന്നിധ്യം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മംഗളകരമായ ആ ചടങ്ങ് അലങ്കോലമാകരുത്- രാജശ്രീ വാര്യര്‍

മറ്റൊരാളുടെ ആശയത്തിനുമേല്‍ അറിഞ്ഞോ അറിയാതെയോ അധികാരം സ്ഥാപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു തടയുന്നതിനുള്ള നടപടികള്‍ ഒരു  ഇടതുസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
എന്റെ സാന്നിധ്യം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മംഗളകരമായ ആ ചടങ്ങ് അലങ്കോലമാകരുത്- രാജശ്രീ വാര്യര്‍

കൊച്ചി: കാനായി കുഞ്ഞിരാമന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ യക്ഷി എന്ന നൃത്തശില്‍പ്പം അവതരിപ്പിക്കില്ലെന്ന് വ്യക്തമാക്കിയതിന്് പിന്നാലെ കൂടുതല്‍ വിശദീകരണവുമായി നര്‍ത്തകി രാജശ്രീ വാര്യര്‍. രാജശ്രീ സംവിധാനം ചെയ്ത നൃത്തശില്‍പ്പം പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്തു എന്ന മട്ടില്‍ സംഘാടകര്‍ പ്രചരിപ്പിച്ചതാണ് രാജശ്രീയെ വിഷമത്തിലാക്കിയത്.

'കാനായി കുഞ്ഞിരാമനെപ്പോലെയുള്ള  പ്രതിഭയുടെ മുന്നില്‍ അദ്ദേഹത്തിന്റെ യക്ഷിയെപ്പറ്റിയുള്ള നൃത്തശില്‍പം അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായാണു ഞാന്‍ കരുതുന്നത്.  ഒരുപക്ഷേ രാം കിങ്കര്‍ ബൈജിനെ (Ramkinkar Baij) ഒക്കെപ്പോലെ ഭാരതം കണ്ട ഏറ്റവും പ്രഗത്ഭമതിയായ ശില്‍പ്പികളിലൊരാളാണ് കാനായി. യക്ഷി വലിയൊരു ഉത്തരവാദിത്തമാണ് പ്രത്യേകിച്ചും അതിന്റെ സ്രഷ്ടാവിന്റെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍. പക്ഷേ ഇന്റലക്ച്വല്‍  പ്രോപ്പര്‍ട്ടി റൈറ്റ് എന്നൊന്നില്ലേ. കേരളത്തില്‍ ഒട്ടും വില ലഭിക്കാത്ത ഒന്നാണത്. പക്ഷേ ബോധപൂര്‍മാണെങ്കിലും അല്ലെങ്കിലും എന്റെ ആശയത്തിനുമേല്‍ മറ്റൊരാള്‍ അവകാശം പറയുമ്പോള്‍ എനിക്കു പ്രതിരോധിക്കാതിരിക്കാനാവില്ല. അതുകൊണ്ടാണ് ഏറെ വിഷമത്തോടെയാണെങ്കിലും യക്ഷി അവതരിപ്പിക്കാന്‍ സാധിക്കാത്തത്. അതിനു ചില റെക്കോര്‍ഡിങ്ങുകളും ആവശ്യമായിരുന്നു''.

''കാനായി കുഞ്ഞിരാമന്‍ എന്ന പ്രതിഭയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമ്പോള്‍ എന്റെ സാന്നിധ്യം കൊണ്ടോ അസാന്നിധ്യം കൊണ്ടോ മംഗളകരമായ ആ ചടങ്ങ് അലങ്കോലമാകരുത് എന്നെനിക്കാഗ്രഹമുണ്ട്. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയില്‍ പ്രതികരിക്കാതിരിക്കാനുമെനിക്കാവുന്നില്ല. അതുകൊണ്ടു തന്നെ പരിപാടിയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കില്ല. യക്ഷിയുടെ അരങ്ങേറ്റം അദ്ദേഹത്തിനു മുന്നില്‍ ഉടനെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. എനിക്കു പറയാനുള്ളതിതാണ് മറ്റൊരാളുടെ ആശയത്തിനുമേല്‍ അറിഞ്ഞോ അറിയാതെയോ അധികാരം സ്ഥാപിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതു തടയുന്നതിനുള്ള നടപടികള്‍ ഒരു  ഇടതുസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നു.'' ഡോ. രാജശ്രീ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com