ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പ്രതിഛായാ നിര്‍മിതിക്കില്ല: പിണറായി

വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചിലരുണ്ട്. അവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി
ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പ്രതിഛായാ നിര്‍മിതിക്കില്ല: പിണറായി

തിരുവനന്തപുരം: കോലാഹലം സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പ്രതിഛായാ നിര്‍മ്മിതിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞത് പ്രാവര്‍ത്തികമാക്കാനാണ് കഴിഞ്ഞ രണ്ടു വര്‍ഷവും ശ്രമിച്ചതെന്നും അതു തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുപക്ഷ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. 

കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുക, വികസനം സമൂഹത്തിന്റെ അടിത്തട്ടിലും എത്തിക്കുക, അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക, മുന്‍ സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ കേരളാ മോഡലിനെ തിരിച്ചുപിടിച്ച് ശക്തമാക്കുക എന്നിവയില്‍ അധിഷ്ഠിതമായിരുന്നു സര്‍ക്കാറിന്റെ പ്രവര്‍ത്തനരേഖ. രണ്ടു വര്‍ഷത്തിനിടയില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരവും വികസനസംസ്‌കാരവും രൂപപ്പെടുത്തി എന്നതില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തിനിടയിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയാനാകും. അത് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം എത്രത്തോളം പാലിച്ചെന്ന് വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുകയാണ്. അക്കാര്യത്തിലുള്ള ജനങ്ങളുടെ വിലയിരുത്തലിനെ സ്വാഗതം ചെയ്യുന്നു.

കേരളാ ബദലിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും നല്‍കിയവരെ ഈ വേളയില്‍ നന്ദിയോടെ ഓര്‍ക്കുന്നു. ക്രിയാത്മക വിമര്‍ശനം ഉന്നയിച്ചവരുണ്ട്.പോരായ്മകള്‍ ചൂണ്ടിക്കാട്ടിയവരുണ്ട്. നിങ്ങളുടെ ഇടപെടലുകളും പിന്തുണയുമാണ് സര്‍ക്കാറിന്റെ കരുത്ത്. എന്നാല്‍ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചിലരുണ്ട്. അവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com