മരിച്ചെന്ന് കരുതി അടക്കി, തിരിച്ചുവന്ന് പരേതന്‍; സംഭവം പുല്‍പ്പള്ളിയില്‍

ഒക്ടോബര്‍ 16നായിരുന്നു അടക്കം. ഒക്ടോബര്‍ 31ന് വൈകുന്നേരത്തോടെ സജിയെ നിരത്തില്‍ കണ്ട് നാട്ടുകാര്‍ വാപൊളിച്ചു
മരിച്ചെന്ന് കരുതി അടക്കി, തിരിച്ചുവന്ന് പരേതന്‍; സംഭവം പുല്‍പ്പള്ളിയില്‍

ഇടയ്‌ക്കൊക്കെ ആരോടും പറയാതെ വീട് വിട്ടു പോകുന്ന സ്വഭാവം പുല്‍പ്പള്ളി ആടിക്കൊല്ലിയില്‍ സജി മത്തായിക്കുണ്ടായിരുന്നു. രണ്ട് മാസം മുന്‍പ് അങ്ങിനെയൊരു പോക്ക് പോയതാണ്. പക്ഷേ തിരിച്ചെത്തിയപ്പോള്‍ സജി മാത്രമല്ല, നാടാകെ ഞെട്ടി...

സജിയെ കാണാതായതിന് പിന്നാലെ അഴുകിയ നിലയില്‍ ഒരു മൃതദേഹം ലഭിക്കുകയും, അടയാളങ്ങള്‍ നോക്കി ഇത് സജിയുടേത് എന്ന് ഉറപ്പിച്ച് പള്ളിയില്‍ അടക്കം ചെയ്യുകയും ചെയ്തു. ഒക്ടോബര്‍ 16നായിരുന്നു അടക്കം. ഒക്ടോബര്‍ 31ന് വൈകുന്നേരത്തോടെ സജിയെ നിരത്തില്‍ കണ്ട് നാട്ടുകാര്‍ വാപൊളിച്ചു. 

ഫോണില്ലാതെയാണ് സജി നാടുവിട്ട് പോയത്. അമ്മയുമായും സഹോദരനുമായും രണ്ട് മാസത്തിനിടെ സജി ബന്ധപ്പെട്ടിട്ടില്ല. നാട്ടുകാരുമായും സജിക്ക് വലിയ അടുപ്പമില്ല. ഒരു പരാതിയുമായി സജിയുടെ സഹോദരന്‍ പുല്‍പ്പള്ളി സ്റ്റേഷനില്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്. 

ഇവിടെ വെച്ച് അജ്ഞാത മൃതദേഹത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ സജിയുടെ സഹോദരനും അമ്മയും മൃതദേഹം തിരിച്ചറിയുന്നതിനായി എത്തി. സജിയുടേതിന് സമാനമായി മൃതദേഹത്തിന്റേയും കാലില്‍ പൊട്ടലുണ്ടായിരുന്നു. മാത്രമല്ല, സജിയുടെ ചെരുപ്പിന് സമാനമായ ചെരിപ്പാണ് ഇവിടെ കണ്ടതും. അതോടെ സജിയുടെ മൃതദേഹമാണ് അത് എന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. സംസ്‌കാരവും നടത്തുകയായിരുന്നു. സജി തിരിച്ചെത്തിയതോടെ സംസ്‌കരിച്ച മൃതദേഹം ആരുടേതെന്നറിയാതെ കുഴയുകയാണ് അധികൃതര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com