പി കെ ശശിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; വനിതാ നേതാവ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി

ഒരു ജില്ലാ നേതാവ് പരാതി പിന്‍വലിക്കാന്‍ തന്നോട് നിരന്തരം ആവശ്യപ്പെടുന്നു. ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്
പി കെ ശശിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ; വനിതാ നേതാവ് കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി


പാലക്കാട് : പി കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി പരാതിക്കാരിയായ ഡിവൈഎഫ്‌ഐ വനിതാ നേതാവ്. ഇവര്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. പാര്‍ട്ടിയിലെ ഉന്നതരാണ് ഈ നീക്കത്തിന് പിന്നിലെന്നും വനിതാ നേതാവ് ആരോപിച്ചു. ഒരു ജില്ലാ നേതാവ് പരാതി പിന്‍വലിക്കാന്‍ തന്നോട് നിരന്തരം ആവശ്യപ്പെടുന്നു. ശശിയുടെ ഫോണ്‍ സംഭാഷണം അടക്കമാണ് പരാതി നല്‍കിയിട്ടുള്ളത്. 

കേസില്‍ പാര്‍ട്ടി തല അന്വേഷണം അട്ടിമറിച്ചു. ഇതില്‍ ഉന്നത തല ഗൂഡാലോചനയുണ്ട്. ആരോപണ വിധേയനായ പി കെ ശശിയെ പാര്‍ട്ടിയുടെ ജാഥ ക്യാപ്റ്റനാക്കിയതും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആദ്യം പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കി. പിന്നീട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയതോടെയാണ് പാര്‍ട്ടി അന്വേഷണത്തിന് മുതിര്‍ന്നത്. 

പി കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ രണ്ടംഗ അന്വഷണ കമ്മീഷനെ സിപിഎം സംസ്ഥാന നേതൃത്വം നിയോഗിച്ചിരുന്നു. അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ മന്ത്രി എ കെ ബാലനും പികെ ശ്രീമതി എംപിയും തെളിവെടുപ്പ് നടത്തിയെങ്കിലും ഇതുവരെ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതിനിടെ ആരോപണ വിധേയനായ ശശിയും അന്വേഷണ കമ്മീഷന്‍ അംഗമായ എ കെ ബാലനും പല തവണ ഒരേ വേദിയില്‍ എത്തിയിരുന്നു. കൂടാതെ ബാലനും ശശിയും രണ്ടു മണിക്കൂറോളം രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായി പത്രവാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞെന്നും വനിതാ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി. 

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിപ്പിച്ച പി കെ ശശി തന്നെ കടന്നുപിടിച്ചതായാണ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നത്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശശി തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. വോളന്റിയര്‍മാര്‍ക്ക് വസ്ത്രം വാങ്ങുന്നതിന് തന്റെ കൈയില്‍ പണം നല്‍കാന്‍ ശശി ശ്രമിച്ചുവെങ്കിലും താന്‍ പണം വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിപ്പിക്കാന്‍ ശശി ശ്രമിച്ചു. 

തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയ തന്നെ ശശി കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ ഇറങ്ങിയോടിയെങ്കിലും തനിക്ക് ഇത് കടുത്ത മാനസിക വിഷമവും സമ്മര്‍ദവും ഉണ്ടാക്കി. തുടര്‍ന്ന് ശശിയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച താന്‍ അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോട് ഈ അനുഭവങ്ങള്‍ വിശദീകരിച്ചു. കുറച്ചുകാലത്തേയ്ക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയ ശശി ഭീഷണിയും പ്രലോഭനങ്ങളും തുടര്‍ന്നതായും വഴങ്ങിയാലുളള ഗുണങ്ങളെ കുറിച്ച് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയപ്പെട്ടതായി വനിതാ നേതാവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com