മന്ത്രി ജലീലിന് നേരെ വീണ്ടും ആരോപണം ; കിലയിലും വഴിവിട്ട് നിയമനം, ഇന്റര്‍വ്യൂ പോലും നടത്താതെ 10 പേരെ നിയമിച്ചെന്ന് അനില്‍ അക്കരെ

ഒരു പരസ്യവും നല്‍കാതെ, ഒരു ഇന്റര്‍വ്യൂവും നടത്താതെ കിലയില്‍  വേണ്ടപ്പെട്ടവരെ ജലീല്‍ നിയമിച്ചതായി അനില്‍ അക്കരെ
മന്ത്രി ജലീലിന് നേരെ വീണ്ടും ആരോപണം ; കിലയിലും വഴിവിട്ട് നിയമനം, ഇന്റര്‍വ്യൂ പോലും നടത്താതെ 10 പേരെ നിയമിച്ചെന്ന് അനില്‍ അക്കരെ

തൃശൂര്‍ : അനധികൃത നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം. ന്യൂനപക്ഷ കോര്‍പ്പറേഷന് പുറമെ, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനിലും ജലീല്‍ അനധികൃത നിയമനം നടത്തിയെന്ന് അനില്‍ അക്കരെ എംഎല്‍എ ആരോപിച്ചു. ഒരു പരസ്യവും നല്‍കാതെ, ഒരു ഇന്റര്‍വ്യൂവും നടത്താതെ കിലയില്‍ വേണ്ടപ്പെട്ടവരെ ജലീല്‍ നിയമിച്ചതായി അനില്‍ അക്കരെ പറഞ്ഞു. 

ഒരു പരസ്യവും നല്‍കാതെ, ഒരു ഇന്റര്‍വ്യൂവും നടത്താതെയാണ് വേണ്ടപ്പെട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ ലോക്കല്‍ ഏരിയയില്‍ നിന്ന് റിക്രൂട്ട് ചെയ്തതെന്ന് അനില്‍ അക്കര പറഞ്ഞു. 10 പേരെയാണ് ഇങ്ങനെ റിക്രൂട്ട് ചെയ്തത്. ഒരു മാനദണ്ഡവും ഇല്ലാതെയായിരുന്നു നിയമനം. 

എന്നാല്‍ ജലീല്‍ വ്യക്തമാക്കിയ ലോക്കല്‍ ഏരിയ ഡെഫനിഷന്‍ എന്താണെന്ന് ലോക്കല്‍ എംഎല്‍എയായ തനിക്ക് മനസ്സിലായിട്ടില്ല. വടക്കാഞ്ചേരി മണ്ഡലമാണോ, കില സ്ഥിതി ചെയ്യുന്ന മുളങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണോ, അതോ ഇന്ത്യാ മഹാരാജ്യത്തിന്റെ പരിധിയിലാണോ എന്ന് വ്യക്തമാക്കണമെന്നും അനില്‍ അക്കരെ ആവശ്യപ്പെട്ടു. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിലയില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ ഏതെല്ലാം തസ്തികയില്‍ നിയമനം നടത്തിയിട്ടുണ്ട്. അവരുടെ പേര് വിവരങ്ങള്‍  വെളിപ്പെടുത്താമോ എന്ന് നിയമസഭയില്‍ മന്ത്രി ജലീലിനോട് താന്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് രസകരമായ മറുപടിയാണ് മന്ത്രി തന്നത്. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം താല്‍ക്കാലിക കരാര്‍ തസ്തികകളില്‍ അടിസ്ഥാന തസ്തികകളിലേക്ക് നിയമനങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ വിവിധ പ്രോജക്ടുകളുടെയും പരിശീലനങ്ങളുടെയും സുഗമമായ നടത്തിപ്പിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജോലി ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു എന്ന വിചിത്രമായ മറുപടിയാണ് ലഭിച്ചത്. 

ഇത് നിയമസഭയിലെ ചോദ്യത്തിന് നല്‍കേണ്ട ശരിയായ മറുപടിയല്ല. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണ് മന്ത്രി നല്‍കിയതെന്നും അനില്‍ അക്കര ആരോപിച്ചു. അതേസമയം താന്‍ വഴിവിട്ട് ഒരു നിയമനവും നല്‍കിയിട്ടില്ലെന്ന് മന്ത്രി ജലീല്‍ ആവര്‍ത്തിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com