ഡിവൈഎഫഐ സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി; പികെ ശശിയെ തൊടാതെ സമ്മേളന റിപ്പോര്‍ട്ട് 

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ സൗഹാര്‍ദ്ദ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി
ഡിവൈഎഫഐ സമ്മേളനത്തില്‍ നിന്നും ബിനീഷ് കോടിയേരിയെ ഒഴിവാക്കി; പികെ ശശിയെ തൊടാതെ സമ്മേളന റിപ്പോര്‍ട്ട് 

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ സൗഹാര്‍ദ്ദ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിന് തിരിച്ചടി. ബിനീഷിനെ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത് സംഘടനയുടെ ഭാരവാഹികളായ എം സ്വരാജും എഎന്‍ ഷംസീറുമായിരുന്നു. കായികതാരങ്ങളായ സികെ വിനീതിനും പിയു ചിത്രയ്ക്കുമൊപ്പം സമ്മേളനത്തില്‍ സൗഹാര്‍ദ്ദ പ്രതിനിധിയാക്കാനായിരുന്നു തീരുമാനം. ഇത് സംസ്ഥാന സമിതി തള്ളുകയായിരുന്നു.

സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടി അവതരിപ്പിച്ച പ്രവര്‍ത്തനസമിതി റിപ്പോര്‍ട്ടില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെക്കുറിച്ചോ, പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയെ കുറിച്ചോ, കെടി ജലീലിന്റെ ബന്ധുനിയമന വിവാദം എന്നിവയെ കുറിച്ചോ പരാമര്‍ശം ഇല്ല. സംഘടനയുടെ കഴിഞ്ഞ സമ്മേളന കാലയളവിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുന്നതോടൊപ്പം സമീപകാല സംഭവങ്ങളില്‍ സംഘടനയെടുക്കുന്ന നിലപാടുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാറുണ്ട്. എന്നാല്‍ വേണ്ടത്ര ഗൗരവത്തോടെയല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ആരോപണം. റിപ്പോര്‍ട്ടിന് ശേഷമുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ചില പ്രതിനിധികള്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുമെന്നാണ് സൂചന. 

അതേസമയം, ഭാരവാഹികള്‍ക്ക് പ്രായപരിധി കൊണ്ടുവരണമെന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്റെ തീരുമാനം സിപിഎം സെക്രട്ടേറിയേറ്റ് തള്ളിയിരുന്നു. 37വയസ്സുള്ളവരെ ഭാരവാഹികളായി കൊണ്ടുവരണമെന്നായിരുന്നു ഫ്രാക്ഷന്റെ തീരുമാനം. ഇതിനെതിരെ എഎ റഹീം ഉള്‍പ്പെടെയുള്ളവര്‍  രംഗത്തെത്തിയതിന് പിന്നാലെ പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നു.37 വയസ് കര്‍ശനമാക്കിയിരുന്നെങ്കില്‍ കുറഞ്ഞത് നാല്‍പ്പത് പേര്‍ക്കെങ്കിലും സംസ്ഥാന സമിതിയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമായിരുന്നു. എന്നാല്‍ പ്രായപരിധി നിശ്ചയിക്കേണ്ടെന്ന തീരുമാനം വന്നതോടെ ഈ പ്രതിസന്ധി ഇല്ലാതായി. 

എസ്. സതീഷ്, എ.എ. റഹീം, എന്നിവര്‍ സെക്രട്ടറിയും പ്രസിഡന്റുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എസ്‌കെ. സജീഷ് ട്രഷററാകും.  നിതിന്‍ കണിച്ചേരി, വി.പി. റെജീന എന്നിവരെയും ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബുധനാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com