പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി ചേംബറിൽ; അഭിഭാഷകർക്കും ഹർജിക്കാർക്കും പ്രവേശനമില്ല, എഴുതി നൽകിയ വാദങ്ങൾ മാത്രം പരി​ഗണിക്കും 

ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹർജികൾ രാവിലെ പരിഗണിക്കും
പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി ചേംബറിൽ; അഭിഭാഷകർക്കും ഹർജിക്കാർക്കും പ്രവേശനമില്ല, എഴുതി നൽകിയ വാദങ്ങൾ മാത്രം പരി​ഗണിക്കും 

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിംകോടതി മുന്‍പാകെയുളളത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല എന്നതാണ് ശ്രദ്ധേയം. ചേംബറിലാണ് ഹര്‍ജികളെല്ലാം പരിഗണിക്കുക. ചേംബറിൽ അഭിഭാഷകർക്കും ഹർജിക്കാർക്കും പ്രവേശനമില്ല. എഴുതി നൽകിയ വാദങ്ങൾ മാത്രമായിരിക്കും പരിഗണിക്കുക. 

പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോൾ കോടതിയിൽതന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ ഹർജികൾ ചേബറിലാണ് പരി​ഗണിക്കുക എന്ന കാര്യത്തിൽ ഇന്നലെ വ്യക്തത വന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, പി.സി. ജോർജ് എന്നിവരുൾപ്പെടെ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 20 വ്യക്തികൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിർവാഹക സംഘം, എൻഎസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹർജി നൽകിയിട്ടുണ്ട്. 

ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ച് രാവിലെ പരിഗണിക്കും. ഇത് കോടതിമുറിയിൽ തന്നെയാണ് നടക്കുക. എന്നാൽ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്റ്റേ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് റിട്ട് ഹർജികൾ വിശദവാദത്തിനു പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാലും പുനഃപരിശോധനാ ഹർജികളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും റിട്ട് ഹർജികളുടെ ഭാവി. ചെന്നൈ സ്വദേശി ജി. വിജയകുമാർ, വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ എസ്. ജയരാജ് കുമാർ, ഷൈലജ വിജയൻ എന്നിവരുടെ റിട്ട് ഹർജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹർജിയിൽ കേന്ദ്രസർക്കാരും മറ്റു രണ്ടിലും സംസ്ഥാന സർക്കാരുമാണ് ഒന്നാം എതിർകക്ഷി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com