സര്‍ക്കാരിന് സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ ഉത്തരവ് അനുസരിക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയുണ്ട്
സര്‍ക്കാരിന് സാവകാശ ഹര്‍ജി നല്‍കാനാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ ഹര്‍ജി നല്‍കാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രിംകോടതി ഭരണഘടനാബെഞ്ചിന്റെ ഉത്തരവ് അനുസരിക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയുണ്ട്. ലിംഗസമത്വം മുന്‍നിര്‍ത്തിയാണ് സുപ്രിംകോടതി വിധി പ്രസ്താവിച്ചത്. വിധിക്ക് സ്റ്റേ ഇല്ലെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയതോടെ ഹർജിക്ക് പ്രസക്തിയില്ല. ഈ സാഹചര്യത്തില്‍ ഇതിനെതിരെ സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

ലിംഗ നീതിയാണ് സിപിഎമ്മും മുന്നോട്ടുവെക്കുന്നത്. സാവകാശ ഹര്‍ജിയുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ ഇപ്പോള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും അനുകൂലിക്കുന്നവരുടെ പിന്തുണയും നഷ്ടമാകുമെന്നും സിപിഎം കണക്കുകൂട്ടുന്നു. സര്‍ക്കാര്‍ ഇന്നു വിളിച്ചിട്ടുള്ള സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

അതേസമയം സാവകാശ ഹര്‍ജി നല്‍കുന്നതിന്റെ സാധ്യത തള്ളാനാവില്ലെന്ന് ദേവസ്വം കമ്മീഷണര്‍ വാസു അറിയിച്ചു. ഇതിന്റെ സാധ്യത പരിശോധിക്കുകയാണ്. ഇതിനായി നിയമോപദേശം തേടുമെന്നും ദേവസ്വം കമ്മീഷണര്‍ സൂചിപ്പിച്ചു. യുവതി പ്രവേശനത്തിന് താല്‍ക്കാലിക സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രിംകോടതി ഇന്നലെയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com