മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും

വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറക്കും
മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും

തിരുവനന്തപുരം; മണ്ഡലപൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടന കാലത്തിനാണ് ഇതോടെ തുടക്കമാകുന്നത്. മേല്‍ശാന്തിമാര്‍ ഇന്ന് സ്ഥാനമേല്‍ക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീകോവില്‍ വലംവെച്ചെത്തി തിരുനടയിലെ മണിയടിച്ച് നട തുറക്കും. തുടര്‍ന്ന് നെയ്‌വിളക്ക് തെളിച്ച് യോഗനിദ്രയിലുള്ള ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും.

പാലക്കാട് സ്വദേശി വി.എന്‍. വാസുദേവന്‍ നമ്പൂതിരി മേല്‍ശാന്തിയായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. മാളികപ്പുറം മേല്‍ശാന്തിയായി ആലപ്പുഴ ചെങ്ങന്നൂര്‍ ഇരമല്ലിക്കര തിരുവന്‍വണ്ടൂര്‍ മാമ്പറ്റ ഇല്ലം എം.എന്‍. നാരായണന്‍ നമ്പൂതിരി സ്ഥാനമേല്‍ക്കും. രാത്രി ഹരിവരാസനം പാടി നട അടച്ചശേഷം ഇപ്പോഴത്തെ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. ശനിയാഴ്ച ശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. 

രാവിലെ 10 മണി മുതല്‍ നിലയ്ക്കല്‍ നിന്ന് ഭക്തരെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു. കാല്‍നടയായി പോകുന്ന ഭക്തരെയാകും ആദ്യം കടത്തി വിടുക. നിലയ്ക്കലില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് 12 മണിക്കാണ് ട്രിപ്പ് ആരംഭിക്കുന്നത്. ഇത്തവണ നിലയ്ക്കല്‍ വരെ മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുഉള്ളത്. 

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ശബരിമലയിലും സന്നിധാനത്തും പൊലീസ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. 4,500 പൊലീസുകാരെയാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിര്‍ത്തിയിരിക്കുന്നത്. 

പ്രതിഷേധം കണക്കിലെടുത്ത് ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എരുമേലിയും നിരോധനാജ്ഞയ്ക്ക് കീഴിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com