'അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ?'; പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

'അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ?'; പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
'അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ?'; പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബസ്സ് യാത്രക്കിടെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം വ്യക്തമാക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറല്‍.  കണ്‍സെഷന്‍ യാത്രയില്‍ സഞ്ചരിക്കുന്ന കുട്ടികളോട് പലപ്പോഴും മോശമായാണ് കണ്ടക്ടര്‍മാരുടെ പെരുമാറ്റം. സ്‌കൂള്‍ വിട്ട് ബസ്സില്‍ കയറിയ കുട്ടിക്ക് ബസ്സിലെ ഒരു യാത്രക്കാരി സീറ്റ് ഒഴിഞ്ഞു കൊടുത്തപ്പോഴുണ്ടായ സംഭവമാണ് പോസ്റ്റില്‍ വിവരിക്കുന്നത്. ' അമ്പത് പൈസേം കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നോ? എഴുന്നേല്‍ക്കെടീ... ഇതാണ് ഇതിറ്റുങ്ങളെ കയറ്റണ്ടാന്ന് പറേന്നത്... അഹങ്കാരികള്...'പിന്നേയും അയാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. പേടിച്ചരണ്ട് സീറ്റില്‍ നിന്നും എഴുന്നേല്‍്ക്കാന്‍ ശ്രമിച്ച കുട്ടിയെ ആ സ്ത്രീ അവിടെ തന്നെ പിടിച്ചിരുത്തി. 'ഞാനാണവള്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്. സ്‌കൂള്‍ കുട്ടികള്‍ക്കെന്താ സീറ്റിലിരിക്കാന്‍ പാടില്ലേ?' എന്നുചോദിച്ചപ്പോള്‍'പാസ്സ്‌കാര് നിന്നാ മതി. ഫുള്‍ ടിക്കറ്റ് കാര് ഇരിക്കട്ടെ. നിങ്ങള്‍ക്ക് സീറ്റ് വേണ്ടെങ്കില് നിന്നോളൂ.. അവിടെ വേറെയാരെങ്കിലും ഇരിക്കും... 'എന്നായി കണ്ടക്ടറുടെ മറുപടി. എന്നാല്‍ അവള്‍ അവിടെത്തന്നെയിരിക്കുമെന്ന് യുവതിയും മറുപടി പറഞ്ഞു. 

' അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ? മാസമുറ?'ചോദ്യം കേട്ട ആണ്‍കുട്ടികളില്‍ ചിലര്‍ ചിരിച്ചു. മറ്റുള്ളവര്‍ സ്തബ്ധരായി. കണ്ടക്ടര്‍ ഒന്നും മിണ്ടുന്നില്ല.'എന്നാല്‍ അങ്ങിനെയൊന്നുണ്ട്. ഈ നില്‍ക്കുന്നവരിലധികവും മെന്‍സസ് ആയിത്തുടങ്ങിയ കുട്ടികളായിരിക്കും.മെന്‍സസ് പിരിയഡ് അടുക്കുമ്പോള്‍ ശരീരത്തില്‍ വിവിധങ്ങളായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റും നടക്കും. ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്ത വയറുവേദനയുണ്ടാവും. ചിലര്‍ക്ക് തല ചുറ്റല്‍, ക്ഷീണം... ഈ നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അങ്ങിനെയുള്ള വേദന കടിച്ചമര്‍ത്തുന്നവരായിരിക്കും. ശരിക്കും അവരീവേദനയൊന്നും സഹിക്കുന്നത് അവര്‍ക്കു വേണ്ടിയല്ല കേട്ടോ. അടുത്ത തലമുറയ്ക്കായാണ്. എന്നായിരുന്നു യുവതിയുടെ മറുപടി

പോസ്റ്റിന്റെ പൂര്‍ണരൂപം


'അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ?'
(കഥയല്ല, കാര്യമാണ്! )
പ്രസാദ് പി കൈതക്കല്‍
                     

കുറ്റിയാടി നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്സില്‍ പേരാമ്പ്രയില്‍ നിന്നാണ് ഞാന്‍ കയറിയത്.
ഭാഗ്യത്തിന് സീറ്റ് കിട്ടി.
സ്ത്രീകളുടെ സംവരണ സീറ്റിന് പുറകിലുള്ള വിന്റോ സൈഡിലുള്ള സീറ്റാണ് ലഭിച്ചത്.
എനിക്കിഷ്ടവും വിന്റോ സൈഡിലിരിക്കാനാണ്.
അവിടെയാവുമ്പോള്‍ പുറത്തേക്ക് നോക്കിയിരിക്കാല്ലോ.കാഴ്ചകളും കാണാം.
കണ്ണും തുറന്നിരുന്ന് സ്വപ്നവും കാണാം!

വെറുതെ ചുറ്റുപാടുമൊന്ന് നോക്കി. പരിചയമുള്ള ആരെങ്കിലുമുണ്ടോ?
എന്റെ സീറ്റിന് നേരെ എതിര്‍ഭാഗത്ത് അറ്റത്ത് ഇരിക്കുന്നത് മധ്യവയസ്‌കയായ ഒരു സ്ത്രീയാണ്.

എവിടെയോ കണ്ടു മറന്ന മുഖം. 
കുറേ ശ്രമിച്ചു നോക്കി.
ഓര്‍ത്തെടുക്കാനാവുന്നില്ല.

ബസ്സ് നടുവണ്ണൂരിലെത്തിയപ്പോള്‍ നിറയേ സ്‌ക്കൂള്‍ കുട്ടികള്‍ കയറി.

പുറകിലും മുമ്പിലുമുള്ള ഡോറുകളിലെ 'കിളി'ത്തൊഴിലാളികള്‍ ഉന്തിയും തളളിയും വഴക്ക് പറഞ്ഞുമൊക്കെയാണ് കുട്ടികളെ കയറ്റിക്കൊണ്ടിരിക്കുന്നത്. കുട്ടികളും തിരക്കുകൂട്ടി കോണിപ്പടിയില്‍ തടസ്സമുണ്ടാക്കുന്നുണ്ട്.

കണ്‍സഷന്‍ പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് ശത്രുക്കളോടെന്ന പോലെയാണ് പല തൊഴിലാളികളും പെരുമാറുന്നത്.

പുറത്ത് കൂടെയിട്ട ബാഗ് ഊരിയെടുത്ത് ഒറ്റക്കയ്യില്‍ തൂക്കിപ്പിടിച്ച്, മുകളിലുള്ള കമ്പിയില്‍ തൂങ്ങിപ്പിടിക്കാനെത്താത്തതുമൂലം മറ്റേക്കൈ കൊണ്ട് ഏതെങ്കിലും സീറ്റില്‍ പിടിച്ചുറപ്പിച്ച് സുരക്ഷിതരാവാനുള്ള വെപ്രാളത്തിലാണ് ഓരോ കുട്ടിയും.

'കുറച്ച് പുറകോട്ട് നില്‍ക്കാനല്ലേ പറഞ്ഞത്... പറഞ്ഞാല്‍ കേള്‍ക്കില്ല ഒറ്റയെണ്ണവും... സഞ്ചിയും തൂക്കി ഇറങ്ങിക്കോളും...'

കണ്ടക്ടറുടെ ശകാരങ്ങളെ കേട്ടതായിപ്പോലും ഭാവിക്കാതെ നില്‍പ്പ് ഉറപ്പിക്കുന്നതിന് വെപ്രാളപ്പെടുന്ന കുട്ടികളുടെ തത്രപ്പാടുകള്‍ കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കവേ ആ സ്ത്രീയെ ഒരിക്കല്‍ക്കൂടി നോക്കിപ്പോയി.

നല്ല മുഖപരിചയം, എവിടെ വച്ചായിരിക്കും മുമ്പ് ഞാനവരെ കണ്ടത്?

ഓര്‍മ്മകളില്‍ അവരെ തെരഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്.

തന്റെ സീറ്റിനു മുമ്പില്‍ പിടിച്ച് യാത്ര ചെയ്തു കൊണ്ടിരുന്ന മെലിഞ്ഞ് നീണ്ട ഒരു പെണ്‍കുട്ടിക്കുവേണ്ടി അവര്‍ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നു!

പെണ്‍കുട്ടി 'വേണ്ട... വേണ്ട... ഞാന്‍ നിന്നോളാം' എന്ന് പറയുന്നുണ്ട്. അതു വകവെക്കാതെ ആ സ്ത്രീ സീറ്റില്‍ നിന്നുമെഴുന്നേറ്റ്, ആ കുട്ടിയെ അവിടെ പിടിച്ചിരുത്തി, മുകളിലത്തെ കമ്പിയില്‍ പിടിച്ചു തൂങ്ങി അവര്‍ അതിനടുത്തായി നിന്നു.

എനിക്കത് വലിയ കൗതുകമായി.

സ്‌കൂള്‍ കുട്ടികളെ എഴുന്നേല്‍പ്പിച്ച് പലരും ആ സീറ്റിലിരിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലുമൊരു യാത്രക്കാരനോ യാത്രക്കാരിയോ സ്‌ക്കൂള്‍ കുട്ടികള്‍ക്കു വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത്!

പ്രായമായവരെന്നോ സുഹൃത്തെന്നോ പരിഗണിക്കാതെ വെപ്രാളപ്പെട്ട് പലരും സീറ്റ് പിടിച്ചടക്കുന്നതിന് ഒരു പാട് തവണ സാക്ഷിയായിട്ടുമുണ്ട്!

' ടിക്കറ്റ് ... ടിക്കറ്റ്...'

എന്ന് വിളിച്ചു പറഞ്ഞ്, കുട്ടികളേയെല്ലാം മുന്നോട്ട് അടുപ്പിച്ചു നിര്‍ത്തി, അതിനിടയിലൂടെ തിങ്ങി ഞെരുങ്ങി കണ്ടക്ടര്‍ ആ സ്ത്രീക്ക് അടുത്തെത്തി.

പെട്ടന്നാണയാള്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ കാണുന്നത്!

' അമ്പത് പൈസേം കൊടുത്ത് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നോ? എഴുന്നേല്‍ക്കെടീ... ഇതാണ് ഇതിറ്റുങ്ങളെ കയറ്റണ്ടാന്ന് പറേന്നത്... അഹങ്കാരികള്...'

പിന്നേയും അയാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു.

പേടിച്ചരണ്ട കണ്ണുകളോടെ ആ പെണ്‍കുട്ടി പതുക്കെ സീറ്റില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങി..

'മോളവിടെത്തന്നെയിരുന്നോ '

അവര് അവളെപ്പിടിച്ച് ആ സീറ്റില്‍ത്തന്നെയിരുത്തി.

'ഞാനാണവള്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തത്. സ്‌കൂള്‍ കുട്ടികള്‍ക്കെന്താ സീറ്റിലിരിക്കാന്‍ പാടില്ലേ?'

'പാസ്സ്‌കാര് നിന്നാ മതി. ഫുള്‍ ടിക്കറ്റ് കാര് ഇരിക്കട്ടെ. നിങ്ങള്‍ക്ക് സീറ്റ് വേണ്ടെങ്കില് നിന്നോളൂ.. അവിടെ വേറെയാരെങ്കിലും ഇരിക്കും... '

കണ്ടക്ടറുടെ മറുപടിയില്‍ ഒരു മാതിരി അശ്ലീലം നിറഞ്ഞ പരിഹാസം തുളുമ്പുന്നുണ്ടായിരുന്നു.

' അവള്‍ അവിടെത്തന്നെയിരിക്കും !'

ഒരു വെല്ലുവിളിയെന്നോണം നിശ്ചയദാര്‍ഡ്യത്തോടേയാണ് ആ സ്ത്രീ സംസാരിക്കുന്നത്.

'കണ്ടക്ടറേ നിങ്ങള്‍ക്ക് എന്റെ അനുജന്റെ വയസ്സേയുള്ളൂ... അതു കൊണ്ട് ഞാന്‍ അനുജാ എന്ന് തന്നെ വിളിക്കട്ടെ.

അതിരാവിലെ വേണ്ടത്ര പ്രാതല്‍ പോലും കഴിക്കാതെ ട്യൂഷന്‍ ക്ലാസ്സിലേക്ക് വീട്ടില്‍ നിന്നും ഓടിത്തുടങ്ങിയവരായിരിക്കും ഇവര്‍. സ്‌ക്കൂളില്‍ നിന്നും കിട്ടിയ ഉച്ചഭക്ഷണമായിരിക്കും കാര്യമായി ഇവരിന്ന് കഴിച്ചിട്ടുണ്ടാവുക! അനുജന്‍ ഇവരുടെ കണ്ണുകളിലേക്കും മുഖത്തേക്കുമൊന്നു നോക്കൂ.. ക്ഷീണിച്ചിരിക്കുന്ന ഈ കുട്ടികളേയല്ലേ നമ്മള്‍ സീറ്റുകളില്‍ ഇരുത്തേണ്ടത്? അവരല്ലേ ഇരിക്കേണ്ടവര്‍? '

ഞാന്‍ മാത്രമല്ല ബസ്സിലുള്ള എല്ലാവരുമിപ്പോള്‍ അവരേയാണ് ശ്രദ്ധിക്കുന്നത്.

' അനുജന്‍ മെന്‍സസ് എന്ന് കേട്ടിട്ടുണ്ടോ? മാസമുറ?'

ചോദ്യം കേട്ട ആണ്‍കുട്ടികളില്‍ ചിലര്‍ ചിരിച്ചു. മറ്റുള്ളവര്‍ സ്തബ്ധരായി. കണ്ടക്ടര്‍ ഒന്നും മിണ്ടുന്നില്ല.

'എന്നാല്‍ അങ്ങിനെയൊന്നുണ്ട്. ഈ നില്‍ക്കുന്നവരിലധികവും മെന്‍സസ് ആയിത്തുടങ്ങിയ കുട്ടികളായിരിക്കും.

മെന്‍സസ് പിരിയഡ് അടുക്കുമ്പോള്‍ ശരീരത്തില്‍ വിവിധങ്ങളായ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മറ്റും നടക്കും. ചിലര്‍ക്ക് സഹിക്കാന്‍ കഴിയാത്ത വയറുവേദനയുണ്ടാവും. ചിലര്‍ക്ക് തല ചുറ്റല്‍, ക്ഷീണം... ഈ നില്‍ക്കുന്നവരില്‍ ചിലരെങ്കിലും അങ്ങിനെയുള്ള വേദന കടിച്ചമര്‍ത്തുന്നവരായിരിക്കും. ശരിക്കും അവരീവേദനയൊന്നും സഹിക്കുന്നത് അവര്‍ക്കു വേണ്ടിയല്ല കേട്ടോ. അടുത്ത തലമുറയ്ക്കായാണ്!

അവരല്ലേ ഇരിക്കേണ്ടത്?

നമ്മള്‍ അവര്‍ക്കായി സീറ്റുകള്‍ ഒഴിഞ്ഞു കൊടുക്കുകയല്ലേ വേണ്ടത്? അത് നമ്മള്‍ പൊതു സമൂഹത്തിന്റെ കടമയല്ലേ?'

കൂടുതലായി കേള്‍ക്കാന്‍ നില്‍ക്കാതെ കണ്ടക്ടര്‍

' ടിക്കറ്റ്... ടിക്കറ്റ്.. ' എന്ന് പറഞ്ഞ് മുമ്പോട്ട് നടന്നു തുടങ്ങി.

അവരുടെ പുറകിലത്തെ സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് മറ്റൊരു പെണ്‍കുട്ടിയോട് 'മോളേ ദാ ഇവിടെയിരുന്നോ' എന്ന് പറഞ്ഞ് സീറ്റ് ഒഴിഞ്ഞു കൊടുത്തു. മടിച്ച് മടിച്ച് നിന്ന അവളെ അയാള്‍ നിര്‍ബ്ബന്ധിച്ച് സീറ്റിലിരുത്തി.

ആ സീറ്റിന് അപ്പുറത്തിരുന്നയാളും എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഇരിപ്പുറച്ചില്ല. ഞാന്‍ എഴുന്നേറ്റു തുടങ്ങിയപ്പോള്‍ത്തന്നെ എന്റെ അടുത്തിരിക്കുന്നയാളും എഴുന്നേല്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ മുകളിലത്തെ കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോഴും ആലോചിച്ചു കൊണ്ടിരുന്നത് ആ സ്ത്രീയെ മുമ്പ് എവിടെ വച്ചായിരുന്നൂ കണ്ടത് എന്ന് തന്നെയായിരുന്നു.

എവിടെ വച്ചായിരിക്കും?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com