തിരക്കില്ലാതെ ആദ്യ ദിനം, തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇടിവ്; നിരീക്ഷണത്തിന് ഡ്രോണ്‍, കനത്ത സുരക്ഷ

ഇന്നലെ വൈകിട്ട് നട തുറന്ന് തീര്‍ഥാടനകാലത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ പകുതി പേര്‍ മാത്രമാണ് എത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍
തിരക്കില്ലാതെ ആദ്യ ദിനം, തീര്‍ഥാടകരുടെ എണ്ണത്തില്‍ ഇടിവ്; നിരീക്ഷണത്തിന് ഡ്രോണ്‍, കനത്ത സുരക്ഷ

പമ്പ: യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെ വൃശ്ചിക പുലരിയിലെ ഹര്‍ത്താല്‍ കൂടിയായപ്പോള്‍ ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇന്നലെ വൈകിട്ട് നട തുറന്ന് തീര്‍ഥാടനകാലത്തിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ പകുതി പേര്‍ മാത്രമാണ് എത്തിയതെന്നാണ് പ്രാഥമിക കണക്കുകള്‍.

ഇന്നലെ വൈകിട്ടു മുതല്‍ ഇന്ന് ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം തീര്‍ഥാടകര്‍ മാത്രമാണ് ശബരിമലയില്‍ എത്തിയതെന്നാണ് അനൗദ്യോഗികമായി കണക്കാക്കുന്നത്. മണ്ഡലം, മകര വിളക്ക് തീര്‍ഥാടനക്കാലത്തിന്റെ ആദ്യ ദിനങ്ങളില്‍ സാധാരണ ഇതിനേക്കാള്‍ ഇരട്ടി പേരെങ്കിലും എത്താറുണ്ടെന്നാണ് കണക്കുകള്‍. ഒന്നാം തീയതിയായ ഇന്നു പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും പിന്നീട് കാര്യമായ തിരക്കില്ലാതെയാണ് തീര്‍ഥാടനം മുന്നോട്ടുപോവുന്നത്. 

വൃശ്ചികപ്പുലരിയില്‍ അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താലാണ് തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയതെന്നാണ് സൂചനകള്‍. യുവതീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷയും തീര്‍ഥാടകരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ടോയെന്നു വരുംദിനങ്ങളിലേ വ്യക്തമാവൂ. സംഘര്‍ഷാവസ്ഥയുണ്ടായിട്ടും തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു.

അതിനിടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സന്നിധാനത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കാനന പാതകളില്‍ നിരീക്ഷണത്തിന് ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഒരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും അനുവദിക്കാത്ത വിധത്തില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.

ശരണപാതകളില്‍ ഫെയ്‌സ് റെക്കഗ്നസിങ് കാമറകള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെ തന്നെ പൊലീസ് ഒരുക്കിയിരുന്നു. നേരത്തെ ശബരിമലയില്‍ എത്തി സംഘര്‍ഷമുണ്ടാക്കിയവരെ തിരിച്ചറിയുന്നതിനാണിത്. ഇത്തരത്തില്‍ എത്തുന്നവരെ ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com