ശബരിമല സ്ത്രീപ്രവേശനവിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി: ദേവസ്വം ബോര്‍ഡ്

സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ഥാടകരെ തടയുന്നത് തുടരുകയാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. 
ശബരിമല സ്ത്രീപ്രവേശനവിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി: ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയെന്ന് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയില്‍. വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിശദീകരണം. സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീര്‍ഥാടകരെ തടയുന്നത് തുടരുകയാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. 

പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനായിട്ടില്ല, കേന്ദ്ര ഉന്നതാധികാര സമിതി നിര്‍മാണ നിയന്ത്രണത്തിന് ശുപാര്‍ശയും നല്‍കി. സ്ത്രീകള്‍ക്കാവശ്യമായ റെസ്റ്റ് റൂം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. മണ്ഡലകാലത്തെ ദര്‍ശനത്തിനായി ആിരത്തോളം സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പ്രഥമ പരിഗണന. 

അസാധാരണമായ സുരക്ഷ ഉറപ്പുവരുത്തിയിട്ടും യുവതികളായ തീര്‍ഥാടകരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. സ്ത്രീകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിധിക്കെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായി. 

ചിത്തിര ആട്ട സമയത്തും തുലാമാസ പൂജയ്ക്കും നടതുറന്ന സമയത്ത് ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോകേണ്ടി വന്നുവെന്നും ബോര്‍ഡിന്റെ അപേക്ഷയില്‍ പറയുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും അപേക്ഷയോടൊപ്പം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com