പണയം വെച്ച ഒൻപത് കിലോ കവർന്ന് ബാങ്ക് മാനേജർ; ഭർത്താവിനൊപ്പം സംസ്ഥാനം വിട്ടെന്ന് സൂചന

ബാങ്കിൽ പണയം വെച്ച രണ്ടര കോടി രൂപയുടെ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ്
പണയം വെച്ച ഒൻപത് കിലോ കവർന്ന് ബാങ്ക് മാനേജർ; ഭർത്താവിനൊപ്പം സംസ്ഥാനം വിട്ടെന്ന് സൂചന

ആലുവ: ബാങ്കിൽ പണയം വെച്ച രണ്ടര കോടി രൂപയുടെ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ച് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ്. ദേശസാത്കൃത ബാങ്കായ യൂനിയൻ ബാങ്കിന്റെ ആലുവ ശാഖയിലെ അസിസ്റ്റന്റ് മാനേജർ അങ്കമാലി സ്വദേശിനി സിസ്മോൾ (36) ക്കെതിരെ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം സിസ്മോളും ഭർത്താവ് സജിത്തും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആലുവ പൊലീസ്. 

ബാങ്കിൽ പണയ ഇടപാടുകളുടെ ചുമതല വഹിച്ചത് സിസ്മോളായിരുന്നു. 128 ഇടപാടുകാരിൽ നിന്ന് പണയമായി ഈടാക്കിയ 1106.5 പവൻ സ്വർണമാണ് ഇവർ തിരിമറി നടത്തിയത്. 

ശനിയാഴ്ച രാത്രിയാണ് ബാങ്ക് മാനേജർ ഷൈജി നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിസ്മോളും ഭർത്താവും ബം​ഗളൂരുവിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം അവിടേക്ക് യാത്ര തിരിച്ചിരുന്നു. എന്നാൽ ഇരുവരും അങ്കമാലിയിൽ തന്നെയുണ്ടെന്ന വിവരത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ചു. 

പണയ ഇടപാടുകളുടെ ചുമതല മറയാക്കി ലോക്കറിൽ നിന്ന് സ്വർണ ഉരുപ്പടികൾ മാറ്റി പകരം ഇതേ തൂക്കത്തിലുള്ള മുക്കുപണ്ടം വച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. പലപ്പോഴായാണ് സ്വർണം കവർന്നത് എന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണം പണയം വച്ച ഒരാൾ അത് തിരിച്ചെടുക്കാൻ എത്തിയപ്പോൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. 

ഇതേത്തുടർന്ന് ലോക്കറുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് 128 കവറുകളിൽ മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തട്ടിപ്പ് പുറത്തായ ദിവസം ഇവർ എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതൽ ഇവർ ഫോൺ സ്വിച്ച് ഓഫാക്ക് കുടുംബത്തോടെ മുങ്ങുകയായിരുന്നു. തട്ടിപ്പിൽ ഭർത്താവിന് പങ്കുണ്ടോയെന്ന് സിസ്മോളെ പിടികൂടിയാൽ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളത്തെ ഷെയർ മാർക്കറ്റിൽ ഇടപാടുകാരനാണ് സജിത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com