'ഇതെല്ലാം ജോത്സ്യന്മാരും തന്ത്രികളും നേടിത്തന്നതല്ല, അവര്‍ കാണിക്കുന്ന വഴി പോയാല്‍ നാം പിന്നോക്കം പോകും'; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി. ഉണ്ണികൃഷ്ണന്‍

ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ശബരിമല വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാന്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ചുമതലയുണ്ട്
'ഇതെല്ലാം ജോത്സ്യന്മാരും തന്ത്രികളും നേടിത്തന്നതല്ല, അവര്‍ കാണിക്കുന്ന വഴി പോയാല്‍ നാം പിന്നോക്കം പോകും'; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി. ഉണ്ണികൃഷ്ണന്‍

കൊച്ചി; ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്‍. ജാതിവ്യവസ്ഥയ്ക്കും സവര്‍ണമേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് എടുത്തിട്ടുള്ളതെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ജോത്സ്യന്മാരും തന്ത്രിമാരും കാണിക്കുന്ന വഴിപോയാല്‍ കോണ്‍ഗ്രസ് പിന്നോക്കം പോകുമെന്ന മുന്നറിയിപ്പും ഉണ്ണികൃഷ്ണന്‍ നല്‍കി. 

'ഇതെല്ലാം ജോത്സ്യന്മാരും തന്ത്രിമാരും നേടിത്തന്നതല്ല. അവര്‍ കാണിക്കുന്ന വഴിയില്‍ പോയാല്‍ നാം വീണ്ടും പിന്നോക്കം പോവുമെന്ന് നേതൃത്വം തിരിച്ചറിയണം. കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാട് ആത്മഹത്യാപരമാണ്. ആചാരങ്ങളുടെ പേരിലാണ് യുവതീപ്രവേശം എതിര്‍ക്കുന്നതെങ്കില്‍ എപ്പോള്‍ തുടങ്ങി എവിടന്ന് വന്നു, എങ്ങനെ വളര്‍ന്നു തുടങ്ങിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഈ ആചാരങ്ങള്‍ ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ ഫോര്‍മുലകളായി വന്നതാണെങ്കില്‍ അവ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണെങ്കില്‍ തിരസ്‌കരിക്കേണ്ടതുണ്ട്.' കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

തൊട്ടുകൂടായ്മയേക്കാള്‍ വലിയ വിപത്തായി ഗാന്ധിജി കണ്ടിരുന്നത് ലിംഗ വിവേചനമായിരുന്നെന്നനാണ് അദ്ദേഹം പറയുന്നത്. ഇതിനൊക്കെ എതിരായി വളര്‍ന്നുവരുന്ന ആചാരപരമ്പരകള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ഭാവമെങ്കില്‍ അത് ദൗര്‍ഭാര്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോത്സ്യന്മാരെയും തന്ത്രിമാരെയും കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥമൂല്യം ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടെന്നും ഭരണഘടനയ്‌ക്കെതിരേയും സ്വതന്ത്ര്യ ഇന്ത്യ നിലകൊണ്ട അടിസ്ഥാന മൂല്യങ്ങള്‍ക്കെതിരേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേദനയുണ്ടെന്നാണ് മുതിര്‍ന്ന നേതാവ് പറയുന്നത്. 'ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ശബരിമല വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാന്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ ചുമതലയുണ്ട്. ആ ദൗത്യം ഏറ്റെടുക്കേണ്ടതായിരുന്നു. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ നേട്ടം ബിജെപിക്കാണ്. സുപ്രീംകോടതിവിധിയുടെ രാഷ്ട്രീയവശങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമായിരുന്നു. കാര്യം മനസിലാക്കാതെ ആരെങ്കിലും ബിജെപി വാദത്തിന് പിറകെ പോകുന്നെങ്കില്‍ വസ്തുത ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തേണ്ടിയിരുന്നത്' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com