എംഐ ഷാനവാസ് എംപി അന്തരിച്ചു

വയനാട് എംപി എംഐ ഷാനവാസ് അന്തരിച്ചു - ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
എംഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: വയനാട് എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എംഐ ഷാനവാസ് അന്തരിച്ചു.  ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.67 വയസ്സായിരുന്നു. 

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ എംഐ ഷാനവാസിന്റെ ആരോഗ്യ നില കഴിഞ്ഞ കുറെ ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു.കരള്‍ സംബന്ധമായ അസുഖ ബാധിതനായ അദ്ദേഹത്തെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ കരള്‍ മാറ്റിവെക്കുകയും ചെയ്തു.  മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. 

ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സപ്തംബര്‍ 22നാണ് ഷാനവാസിന്റെ ജനനം.വിദ്യാര്‍ഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും നേടി.

യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. കോണ്‍ഗ്രസില്‍ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളില്‍ കരുണാകരപക്ഷത്തു നിന്നു മൂന്നാം ഗ്രൂപ്പായി രംഗത്തുവന്ന മൂന്നു നേതാക്കളില്‍ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി.  ജി.കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേര്‍.

1972 ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റ്, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983 ല്‍ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ല്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഈ വര്‍ഷമാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടത്.  2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, എംപിലാഡ്‌സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com