എസ്പിയ്ക്ക് മുന്നില്‍ പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി; നിശാ ക്ലബ്ബല്ല ശബരിമലയെന്ന് ജി സുധാകരന്‍

ബി ജെ പി മന്ത്രിമാര്‍ക്കും, നേതാക്കന്‍മാര്‍ക്കും എസി റൂമില്‍ കിടന്നിട്ട് കയറി ഇറങ്ങാനുള്ള ഇടമല്ല ശബരിമല
എസ്പിയ്ക്ക് മുന്നില്‍ പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി; നിശാ ക്ലബ്ബല്ല ശബരിമലയെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: എസ്പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍. ഉത്തരവാദിത്തമില്ലാത്ത മന്ത്രിയാണ് പൊന്‍ രാധാകൃഷ്ണനെന്ന് ജി സുധാകരന്‍ പറഞ്ഞു. യതീഷ് ചന്ദ്രയുടെ മുന്നില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി. മന്ത്രിയോട് എസ്പി ചോദ്യം ചോദിച്ചതില്‍ എന്താണ് തെറ്റെന്നും സുധാകരന്‍ ചോദിച്ചു. 

നിശാ ക്ലബ് അല്ല ശബരിമലയെന്ന് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും തിരിച്ചറിയണം. ബി ജെ പി മന്ത്രിമാര്‍ക്കും, നേതാക്കന്‍മാര്‍ക്കും എസി റൂമില്‍ കിടന്നിട്ട് കയറി ഇറങ്ങാനുള്ള ഇടമല്ല ശബരിമലയെന്നും സുധാകരന്‍ പറഞ്ഞു.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതിനെച്ചൊല്ലി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ നിലയ്ക്കലില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു.മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കാമെങ്കില്‍ അനുവദിക്കാമെന്ന എസ്പി യതീഷ് ചന്ദ്രയുടെ മറുപടിയില്‍ പൊന്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞില്ല. യുവതീപ്രവേശനത്തില്‍ നിലപാടാരാഞ്ഞപ്പോഴും സമയമില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ നിലപാട്. 

കെട്ടുമുറുക്കി മല കയറാനെത്തിയ കേന്ദ്ര മന്ത്രി സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാത്തതിന്റെ പേരിലാണ് നിലയ്ക്കലില്‍ എസ്.പി.യതീഷ് ചന്ദ്രയുമായി കയര്‍ത്തത്. ഉത്തരവിട്ടാല്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നു പറഞ്ഞ എസ്പിക്ക് ഉത്തവിടാന്‍ തനിക്ക് അധികാരമില്ലെന്നു മന്ത്രി പറഞ്ഞു.തീര്‍ഥാടകരോട് പൊലീസ് മോശമായാണ് പെരുമാറുന്നതെന്നും ഏറ്റവും മോശം സ്ഥിതിയാണ് ശബരിമലയില്‍ നില നില്‍ക്കുന്നതെന്നും കുറ്റപ്പെടുത്തിയ മന്ത്രി പക്ഷേ യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

പിന്നീട് കെ എസ് ആര്‍ ടി സി ബസില്‍ പമ്പയിലെത്തിയ മന്ത്രി ഇവിടെയും തീര്‍ഥാടകരുമായി സംസാരിച്ചു. എന്നാല്‍ എസ്.പി.യ തീഷ് ചന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയെന്നും എസ്പിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി നല്‍കുമെന്നും മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.സന്നിധാനത്ത് ദര്‍ശനം നടത്തിയശേഷം എസ്.പിയുടെ ഇടപെടലിലുള്ള അമര്‍ഷം മന്ത്രി കൂടുതല്‍ വ്യക്തമാക്കി.  പരമാവധി നേതാക്കളെ എത്തിച്ച് ശബരിമല വിഷയം സജീവമാക്കി നിര്‍ത്താനുള്ള ബി ജെ പി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com