കെ കരുണാകരനെ തിരുത്തി; മുരളീധരനെ വീഴ്ത്തി; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ നാവ്

തോല്‍വിയുടെ പഴയ ചരിത്രത്തെ 2009ല്‍ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്
കെ കരുണാകരനെ തിരുത്തി; മുരളീധരനെ വീഴ്ത്തി; വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ നാവ്


കൊച്ചി: കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ മരണത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട ഒരേടാണ് അവസാനിക്കുന്നത്. കെ കരുണാകരന്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അജയ്യനായി കളം നിറഞ്ഞനാളുകളിലാണ് കരുണാകരപക്ഷത്ത് നിന്ന് തിരുത്തല്‍വാദികളായി രംഗത്തെത്തിയത്. രമേശ് ചെന്നിത്തലയും ജി കാര്‍ത്തികേയനുമായിരുന്നു കൂട്ടായി ഉണ്ടായിരുന്നത്. 

കോണ്‍ഗ്രസിന്റെ ചാനല്‍ ചര്‍ച്ചകളിലെ നാവായിരുന്നു എംഐ ഷാനവാസ്. ഒരുവേള ചാനല്‍ ചര്‍ച്ചകളില്‍ കാണാതെയായപ്പോഴാണ് ആളുകള്‍ ഷാനവാസിന്റെ രോഗവിവരം അറിഞ്ഞതുതന്നെ. അന്ന് അസുഖത്തോട് പോരാടി ഷാനവാസ് വിജയശ്രീലാളിതനായി തിരിച്ചെത്തി.2010ലെ റമസാന്‍ കാലത്ത് ശരീരം പതിവിലധികം ക്ഷീണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ പരീക്ഷണ കാലം തുടങ്ങുന്നത്. പരിശോധനയ്‌ക്കൊടുവില്‍ വയറിലെ ബെല്‍ ഡെക്ടില്‍ തടസ്സമുണ്ടെന്നും പാന്‍ക്രിയാസിന്റെ പുറംഭിത്തിയില്‍ വളര്‍ച്ചയുണ്ടെന്നും കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ അതു മാറ്റാമെന്നു തീരുമാനിച്ച് പരിശോധിച്ചപ്പോഴാണ് കരളിനും പ്രശ്‌നമുള്ളതായി കണ്ടത്. തുടര്‍ന്ന് പതോളജിസ്റ്റ് പരിശോധന നടത്തി അസുഖം കരളില്‍ അര്‍ബുദമാണെന്ന സൂചന ലഭിച്ചു. കീമോതെറപ്പിയടക്കം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോള്‍ അര്‍ബുദമില്ലെന്ന ആശ്വാസ വാര്‍ത്തയെത്തി. തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലെ ചികില്‍സയ്‌ക്കൊടുവിലാണ് അന്നു ജീവിതത്തിലേക്കു തിരിച്ചുവന്നത്. തുടര്‍ന്ന് 2014 ലെ തിരഞ്ഞെടുപ്പില്‍ സജീവമായി തന്നെ രംഗത്തെത്തിയ ഷാനവാസ് എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പിച്ചാണ് തുടര്‍ച്ചയായി രണ്ടാമതും ലോക്‌സഭയിലെത്തിയത്.

തോല്‍വിയുടെ പഴയ ചരിത്രത്തെ 2009ല്‍ ഷാനവാസ് തിരുത്തിയത് ചരിത്രവിജയം സൃഷ്ടിച്ചാണ്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ഐ.ഷാനവാസ് വിജയിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന റെക്കോര്‍ഡുമായായിരുന്നു. 1993 ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 വോട്ടിന്റെ റെക്കോര്‍ഡ് പഴങ്കഥയായി. അട്ടിമറി വിജയം പ്രതീക്ഷിച്ച് മത്സരരംഗത്തിറങ്ങിയ കെ മുരളീധരനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളാനും ഷാനവാസിന് കഴിഞ്ഞു.കോണ്‍ഗ്രസിന്റെ ഉറച്ചമണ്ഡലത്തില്‍ നിന്ന് കെ മുരളീധരന് ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

അഞ്ചു തവണത്തെ തോല്‍വിക്കു ശേഷമായിരുന്നു ഷാനവാസിന്റെ വിജയം. 1987 ലും 1991 ലും വടക്കേക്കരയില്‍നിന്നും  1996 ല്‍ പട്ടാമ്പിയില്‍നിന്നും നിയമസഭയിലേക്കും 1999 ലും 2004 ലും ചിറയിന്‍കീഴില്‍നിന്ന് ലോക്‌സഭയിലേക്കുമാണ് അദ്ദേഹം മത്സരിച്ചു പരാജയപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com